കണ്ണൂർ സർവകലാശാല ഡീൻ
നോമിനേഷൻ റദ്ദാക്കണം : സിൻഡിക്കറ്റ്

കണ്ണൂർ
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് ഡീൻമാരെ ശുപാർശചെയ്‌ത ചാൻസലറുടെ ഉത്തരവ് റദ്ദാക്കണമെന്ന് സിൻഡിക്കറ്റ് യോഗം ഏകകണ്‌ഠമായി ആവശ്യപ്പെട്ടു. ജനാധിപത്യപരമായ ചർച്ചകളില്ലാതെ വൈസ് ചാൻസലർ, ചാൻസലർക്ക് സമർപ്പിച്ച മുൻഗണനാ ലിസ്‌റ്റിൽനിന്നാണ് ഡീൻമാരെ നോമിനേറ്റ്ചെയ്‌തത്.
സർവകലാശാലയുടെ ആക്ട് 1996 പ്രകാരം വകുപ്പ് മേധാവികൾ, പ്രൊഫസർ, വിദഗ്‌ധർ എന്നിവരിൽനിന്ന് റൊട്ടേഷൻ അടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കണ്ണൂർ സർവകലാശാലയിൽനിന്ന് ഒരാളെപ്പോലും പരിഗണിക്കാതെയാണ് ലിസ്‌റ്റ് ഇറക്കിയത്. ജനാധിപത്യ മര്യാദകൾ അവഗണിക്കുന്ന സമീപനമാണിത്. ശനിയാഴ്‌ച ഇറങ്ങിയ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ച് കണ്ണൂർ സർവകലാശാലയുടെ ആക്ടിലും സ്‌റ്റാറ്റ്യൂട്ടിലും വിഭാവനംചെയ്‌ത രീതിയിൽ ഡീൻമാരെ നോമിനേറ്റ് ചെയ്യണമെന്ന് സിൻഡിക്കറ്റ് യോഗം ആവശ്യപ്പെട്ടു.
"ചാൻസലറുടെ നടപടി പ്രതിഷേധാർഹം’
കണ്ണൂർ സർവകലാശാലയിലെ വിദഗ്‌ധ അധ്യാപക സമൂഹത്തെയാകെ അവഗണിച്ച് ഡീൻമാരെ നോമിനേറ്റുചെയ്‌ത ചാൻസലർകൂടിയായ ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിൻഡിക്കറ്റംഗം എൻ സുകന്യ. കണ്ണൂരിൽ യോഗ്യരായ വകുപ്പ് തലവന്മാരില്ലെങ്കിലേ മറ്റ് സർവകലാശാലകളിലുള്ളവരെ പരിഗണിക്കേണ്ടതുള്ളൂ.
യോഗ്യതയുള്ള നിരവധി പേരുണ്ടായിട്ടും ഒരാൾപോലും പട്ടികയിലില്ല. കേന്ദ്ര സർവകലാശാല, ഹിമാചൽപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നടക്കമുള്ളവരെയാണ് കണ്ണൂരിൽ ഡീനാക്കിയത്. ഒരു മാസത്തിനുള്ളിൽ വിരമിക്കുന്ന സായി ഡയറക്ടറെയും ഉൾപ്പെടുത്തി. ബിജെപി, സംഘപരിവാർ താൽപ്പര്യമാണ് ഇതിനുപിന്നിലെന്നും സുകന്യ മാധ്യമങ്ങളോട് പറഞ്ഞു.









0 comments