"പുലർച്ചെ കണ്ടത് തീ കത്തിയ വീടും ചിതറിയ ശരീരഭാഗങ്ങളും"; വീട് വാടകയ്ക്കെടുത്ത അനൂപ് കോൺഗ്രസ് അനുഭാവി

സ്ഫോടനത്തില്‍ തകര്‍ന്ന വീട്
കണ്ണൂർ: ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണർന്ന് ചെന്ന് നോക്കിയപ്പോൾ കണ്ടത് പൂർണമായും തകർന്ന വീടും ചിന്നിച്ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങളുമാണ്- കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് സമീപം താമസിക്കുന്നവർ പറയുന്നു. ചുറ്റുമുള്ള വീടുകൾക്കും വലിയ കേടുപാടുകളാണുണ്ടായത്. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചു. കിടന്നുറങ്ങുമ്പോൾ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചത്. മറ്റാരെങ്കിലും വീട്ടിലുണ്ടായിരുന്നോ എന്നതിൽ അന്വേഷണം നടത്തും.
വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 2016ൽ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്ഫോടനത്തിലെ പ്രതിയാണ് അനൂപ്. അന്നുണ്ടായ സ്ഫോടനത്തിലും ഒരാൾ മരിച്ചിരുന്നു. 17 വീടുകൾ തകരുകയും നാല് കോടിയോളം രൂപയുടെ നാശനഷ്ടവുമുണ്ടായി. കേസിന്‍റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കോൺഗ്രസ് അനുഭാവിയാണ് അനൂപ് മാലിക്ക്.
സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സംഭവസ്ഥലം സന്ദർശിച്ചു. എന്ത് ആവശ്യത്തിനാണ് സ്ഫോടക വസ്തു നിർമിച്ചത് എന്നതടക്കം വിശദമായി അന്വേഷിക്കണമെന്ന് രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ശനി പുലർച്ചെ പുലർച്ചെ രണ്ട് മണിയോടെയാണ് ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കു കേടുപാടുണ്ടായി. വീടുകളുടെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നു. അരക്കിലോമീറ്റർ അകലെയുള്ള വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി.
കണ്ണൂർ കമീഷണർ സംഭവസ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽനിന്ന് പുറത്തെടുത്തു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.









0 comments