കണ്ണപുരം സ്ഫോടനം: പ്രതി അനൂപ്കുമാർ കസ്റ്റഡിയിൽ

Keezhara explosion
വെബ് ഡെസ്ക്

Published on Sep 09, 2025, 12:59 AM | 1 min read

കണ്ണപുരം : കണ്ണപുരം കീഴറ വേന്തിയിലെ വീട്ടിൽ അനധികൃത സ്ഫോടകവസ്തുശേഖരം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച കേസിലെ പ്രതി ചാലാട് പന്നേൻപാറയിലെ അനൂപ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലുള്ള ഇയാളെ തിങ്കളാഴ്ചയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതി (മൂന്ന്) മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

അന്വേഷണച്ചുമതലയുള്ള ക ണ്ണപുരം എസ്എച്ച്ഒ മഹേഷ് കണ്ടമ്പേത്തും സംഘവും ഇയാളെ സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അന്വേഷണം വഴിതെറ്റിക്കാൻ പരസ്പരവിരുദ്ധമായാണ് പ്രതിയുടെ പ്രതികരണം. ചോദ്യംചെയ്യൽ അടുത്ത ദിവസങ്ങളിലും തുടരും. ഇയാൾ വാടകക്കെടുത്ത മറ്റ് സ്ഥലത്തുള്ള കെട്ടിടങ്ങളിലുമെത്തിച്ചും തെളിവെടുക്കും. ജിം ട്രെയിനർ എന്ന നിലയിൽ ഇയാൾ സൗഹൃദം സ്ഥാപിച്ചവരിലാരെങ്കിലുമായി മറ്റ് ഇടപാടുകളോണ്ടോയെന്നും പരിശോധിക്കും.

പലയിടത്തും വീടുകൾ വാടകക്കെടുത്ത് സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതാണ് ഇയാളുടെ പതിവ്. ഇതിൽ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യങ്ങളോട് പ്രതികരിച്ചതിലും അവ്യക്തതയുണ്ട്.

എന്നാൽ വ്യക്തമായ സൂചനകൾ നിരത്തി പൊലീസ്‌ നടത്തിയ ചോദ്യംചെയ്യലിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. അതു കൊണ്ടുതന്നെ മറ്റിടങ്ങളിൽ കെട്ടിടം വാടകക്കെടുകയോ സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വച്ചിട്ടുണ്ടോ എന്നതുൾപ്പടെയുള്ള വിശദ ചോദ്യം ചെയ്യലും അടുത്ത ദിവസമുണ്ടാകും.

കണ്ണപുരത്ത് വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചുവച്ചതിനാലാണ് പ്രദേശമാകെ വൻ നാശംവിതച്ച സ്ഫോടനം നടന്നത്. ഇത്രയധികം സ്ഫോടകവസ്തുക്കൾ അനധികൃതമായി എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനവും സാമഗ്രികൾ വാങ്ങുന്ന കേന്ദ്രവും സംബന്ധിച്ച സൂചനയും ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച അനൂപ്‌കുമാറിന്റെ ഭാര്യാ സഹാദരൻ മുഹമ്മദ് അഷാമിനോടൊപ്പം സംഭവദിവസവും മറ്റ് ദിവസങ്ങളിലും ഒരാൾകൂടി വന്നുപോയിരുന്നതായും വിവരമുണ്ട്‌.

ആഗസ്‌ത്‌ 30ന് പുലർച്ചെ രണ്ടിനാണ് കണ്ണപുരം കീഴറ കൂലോത്തിനടുത്ത് റിട്ട. പ്രധാനാധ്യാപകൻ കാപ്പാടൻ ഗോവിന്ദന്റെ പേരിലുള്ള വീട്ടിൽ സ്ഫോടനമുണ്ടായത്.

വീട് പൂർണമായും തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മുഹമ്മദ് അഷാമിന്റെ മൃതദേഹം കണ്ടെടുത്തത്. സ്ഫോടനം നടന്ന വീടിന്റെ നാനൂറ് മീറ്റർ അകലെയുള്ള വീട് ഉൾപ്പടെ പ്രദേശത്തെ ആറ് വീടുകൾക്കും കേടുപാട് പറ്റിയിരുന്നു. സംഭവശേഷം കർണാടകത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കാഞ്ഞങ്ങാട്ടുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home