കാഞ്ഞങ്ങാട് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

salim pocso ksd

പ്രതി സലീം

വെബ് ഡെസ്ക്

Published on Aug 25, 2025, 02:54 PM | 2 min read

കാഞ്ഞങ്ങാട്: പടന്നക്കാട്ട് വീടിനകത്ത് ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും 2,71,000 രൂപ പിഴയും വിധിച്ചു. കര്‍ണാടക കുടക് നാപോകിലെ സലീമിനാ(38)ണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതിയും സലീമിന്റെ സഹോദരിയുമായ സുഹൈബ(20)ക്ക് കോടതി ഒരു ദിവസം തടവും 1000 രൂപ പിഴയും വിധിച്ചു. കുട്ടിയുടെ കാതുകളില്‍ നിന്ന് സലീം ഊരിയെടുത്ത സ്വര്‍ണകമ്മലുകള്‍ വില്‍പ്പന നടത്താന്‍ സഹായിച്ചതിനാണ് സുഹൈബക്ക് ശിക്ഷ.


2024 മേയ് 15-ന്‌ പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അര കിലോമീറ്റർ അകലെയുള്ള വയലിൽവെച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡനശേഷം കമ്മൽ ഊരിയെടുത്ത് കുട്ടിയെ വയലിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. പുലർച്ചെ പേടിച്ച് വിറച്ച പെൺകുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു. കുട്ടിയുടെ സ്വർണക്കമ്മൽ വിറ്റുകിട്ടിയ പണവുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവിൽ ആന്ധ്രാപ്രദേശിലുമെത്തിയ സലീമിനെ സംഭവം നടന്ന് ഒൻപതാം നാളിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെ ഏഴ്‌ വകുപ്പുകളാണ്‌ ചുമത്തിയത്‌. പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ, അന്നത്തെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദാണ്‌ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌.


ഇന്ത്യ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവും ഉള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 449-ഭവനഭേദനം, 366, 363 തട്ടിക്കൊണ്ടു പോകൽ, 370-4 മൈനർ തട്ടിക്കൊണ്ടു പോകൽ, 506 ഭീഷണിപ്പെടുത്തൽ.

342 തടഞ്ഞു വയ്ക്കൽ, 376 ബലാസത്സംഗം, 393 കവർച്ച, 414 എന്നീ വകുപ്പുകളും പോ‌ക്സോ നിയമത്തിലെ 6(1)5എം വകുപ്പുമാണ് പ്രതിക്കെതിരെ ചേർത്തത്. അതിക്രമിച്ച് വീട്ടിൽ കയറി, പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി സ്വർണക്കമ്മൽ ഊരിയെടുത്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഒന്നരമണിക്കൂറിലധികം കുട്ടിയെ രക്ഷപ്പെടാനനുവദിക്കാതെ പിടിച്ചുവെച്ചു തുടങ്ങിയ കാര്യങ്ങൾ വകുപ്പുകൾ വേർതിരിച്ചെഴുതി കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ സ്വർണക്കമ്മൽ കൂത്തുപറമ്പിലെ ജൂവലറിയിൽ വിൽക്കാൻ സഹായിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമം 414 അനുസരിച്ചാണ് സുഹൈബയ്ക്കെതിരേ കേസെടുത്തിരുന്നത്.


67 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്‌. രക്തസാംപിൾ, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തുനിന്ന്‌ കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകൾ, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയൽ തുടങ്ങി 40-ലധികം വസ്തുക്കൾ, കുട്ടി ഹോസ്ദുർഗ് മജിസ്ട്രേറ്റിന് നൽകിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15-ലധികം രേഖകൾ എന്നിവ 300 പേജുകളടങ്ങിയ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home