പിറവി നൽകിയ പ്രചോദനം : കമൽ

ക്ലാസിക്കൽ സ്വാഭാവത്തോടെ ഛായാഗ്രഹണത്തെയും സിനിമയെയും സമീപിച്ചയാളാണ് ഷാജി എൻ കരുൺ. ആദ്യചിത്രമായ ‘പിറവി’ കാഴ്ചക്കാർക്ക് നൽകിയ ഭാവതലമുണ്ട്. ഏത് തലമുറയിലെയും ചലച്ചിത്ര വിദ്യാർഥികൾ പഠിക്കേണ്ടതാണ് ആ ദൃശ്യാവിഷ്‌കാരം.
മഴയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് സമാനതകളില്ലാത്തതാണെന്ന് തോന്നിയിട്ടുണ്ട്. മലയാളത്തിൽ മറ്റൊരു സിനിമയിലും കാണാത്ത തരത്തിൽ മഴയുടെ സാന്നിധ്യത്തെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയുമായി അദ്ദേഹം ബന്ധപ്പെടുത്തി. അത് നൽകിയ പ്രചോദനം വലുതാണ്. ‘പിറവി’യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് "പെരുമഴക്കാലം' ഞാൻ മഴയുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത്. മഴയെ മനുഷ്യന്റെ വൈകാരിക ഭാവങ്ങളുമായി ബന്ധിപ്പിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു.
ഛായാഗ്രാഹകനായും സംവിധായകനായും ലോകമറിയുന്ന കലാകാരനായി. മുഖ്യധാരാ സിനിമയെടുക്കാൻ ഷാജിക്ക് കഴിയുമായിരുന്നു. പക്ഷേ അദ്ദേഹം തന്റെ കാഴ്ചപ്പാടിൽ അടിയുറച്ച് നിന്നുമാത്രം സിനിമ ചെയ്തു. ‘കാഞ്ചനസീത’യുടെ ലാബ്‌വർക്കുമായി ബന്ധപ്പെട്ട് അദ്ദേഹം മദ്രാസിലെത്തിയപ്പോഴാണ് പരിചയപ്പെട്ടത്. അന്നദ്ദേഹം അറിയപ്പെടുന്ന ഛായാഗ്രാഹകനായിരുന്നു.
ടി കെ രാമകൃഷ്‌ണൻ സാംസ്കാരിക മന്ത്രിയായിരിക്കെ, കേരള ചലച്ചിത്ര അക്കാദമിയെന്ന ആശയം അവതരിപ്പിച്ചതും ആദ്യ അധ്യക്ഷനായി പ്രവർത്തിച്ചതും ഷാജിയാണ്. വർഷങ്ങൾക്കുശേഷം ഞാൻ അധ്യക്ഷനായപ്പോൾ അദ്ദേഹമായിരുന്നു ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷൻ. പാരലൽ സിനിമയുടെ വക്താക്കൾ പലരും മുഖ്യധാരാ സിനിമക്കാരോട് പുച്‌ഛം കാണിക്കുമ്പോൾ, ഷാജി മറിച്ചാണ് പെരുമാറിയത്. ഇടതുപക്ഷ കാഴ്ചപ്പാടിനോട് ചേർന്നുനിന്ന അദ്ദേഹം ഫാസിസ്റ്റ് ഭരണനയങ്ങളെ ശക്തമായി എതിർത്തു. സിനിമാമേഖലയിൽ രാഷ്‌ട്രീയവൈരുധ്യങ്ങളില്ലാതെ കേന്ദ്ര ചലച്ചിത്ര അക്കാദമിയുടെ ഭാഗമായും പ്രവർത്തിച്ചു. എമ്പുരാൻ സിനിമയ്ക്കെതിരെ പ്രചാരണം ഉണ്ടായപ്പോൾ ശബ്ദമുയർത്താനും ഷാജി ഉണ്ടായിരുന്നു.









0 comments