print edition അഴകിൻ ആരവങ്ങളേ നന്ദി... ഉള്ളംനിറഞ്ഞ് വർണ്ണത്തേരുകൾ

കൽപ്പാത്തി തേരുമുട്ടിയിൽ രഥങ്ങൾ എത്തിയപ്പോൾ
പാലക്കാട്
കണ്ണുകളിൽ ആഹ്ലാദത്തിന്റെയും കൗതുകത്തിന്റെയും തേരോട്ടം. അഗ്രഹാരവീഥികൾ ആൾപ്പൂരമായി. ഉള്ളംനിറഞ്ഞ്, മനസ്സിലേക്ക് മറ്റൊരു കൽപ്പാത്തിക്കാലംകൂടി തന്ന് പത്തുനാളത്തെ ഉത്സവം സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ജനങ്ങൾ ഒഴുകിയെത്തി. വിദേശികളുൾപ്പെടെ തേരഴകിന്റെ മനോഹാരിത പകർത്തി. ഒരുമയുടെ നിറചാരുതയിൽ നിറഞ്ഞു നാടാകെ. തെരഞ്ഞെടുപ്പ് തിരക്കിലാണെങ്കിലും സ്ഥാനാർഥികളും കൽപ്പാത്തിയിലെത്തി.
കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങൾ ഞായറാഴ്ച ഗ്രാമവീഥിയിലൂടെ പ്രയാണം നടത്തി. തേരുകളെല്ലാം വൈകിട്ട് തേരുമുട്ടിയിൽ ഒരുമിച്ചെത്തി. തിങ്കൾ രാവിലെ ഏഴിനും 11നും ഇടയ്‌ക്ക് നാല് ക്ഷേത്രങ്ങളിലും കൊടിയിറങ്ങും.
രഥോത്സവം കൊടിയിറങ്ങുന്നതോടെ ക്ഷേത്ര ആചാരച്ചടങ്ങുകൾ സമാപിക്കുമെങ്കിലും ജനത്തിരക്ക് ഒഴിയില്ല. പാതയോരങ്ങളിലെ കച്ചവടം രണ്ടാഴ്‌ചകൂടിയുണ്ടാകും.









0 comments