88ലും ഉടുത്തുകെട്ടട്ടെ , നിറഞ്ഞാടട്ടെ ; കലാമണ്ഡലം ഗോപിയുടെ പിറന്നാൾ ആഘോഷം ഇന്ന്

തൃശൂർ
എൺപത്തിയെട്ട് തികയുമ്പോഴും കഥകളിയരങ്ങിൽ കലാമണ്ഡലം ഗോപിയുടെ കടലിരമ്പം കാഴ്‌ചക്കാർക്ക് കണ്ട് മതിയാവുന്നില്ല. ഇനിയും ഉടുത്തുകെട്ടി ചുട്ടികുത്തിയുമുള്ള വേഷങ്ങൾക്കായി ആശാന് ആയുരാരോഗ്യം നേരുകയാണ് ആരാധകർ. ഇടവമാസത്തിലെ അത്തം നാളിലാണ് കലാമണ്ഡലം ഗോപിയായി വളർന്ന വടക്കേ മണാളത്ത് ഗോവിന്ദന്റെ ജനനം. ഇത്തവണ വ്യാഴം, വെള്ളി ദിവസങ്ങളിൽ അത്തമാണ്. വെള്ളിയാഴ്‌ചയാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. അതിനാൽ ആശംസാപ്രവാഹം തുടങ്ങി.
1937 മെയ് 25ആണ് ജനനത്തീയതി. വടക്കത്ത് ഗോപാലൻ നായരുടെയും ഉണ്യാതി നങ്ങമ്മയുടെയും മകനായാണ് ജനനം. ഒമ്പതാം വയസ്സിൽ കെ പി പരമേശ്വരൻ നമ്പീശന്റെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിക്കാൻ തുടങ്ങി. കഥകളി കലാകാരൻ തെക്കിൻകാട്ടിൽ രാവുണ്ണി നായരുടെ നിർദേശപ്രകാരമാണ് കഥകളിയിലേക്ക് തിരിഞ്ഞത്. കലാമണ്ഡലത്തിൽ കഥകളി പഠിച്ചു. തുടർന്ന് അധ്യാപകനായി. പ്രിൻസിപ്പലായാണ് വിരമിച്ചത്. വിദേശത്തുൾപ്പടെ ആയിരക്കണക്കിന് വേദികളിൽ കഥകളി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് മികച്ചത്. കലാമണ്ഡലം ഗോപിയുടെ നളൻ ലോക പ്രശസ്‌തമാണ്.
‘ കലാമണ്ഡലം ഗോപി' എന്ന പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഡോക്യുമെന്ററി ചെയ്‌തിട്ടുണ്ട്. ഷാജി എൻ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം തുടങ്ങീ സിനിമകളിൽ വേഷമിട്ടു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. മനോരഥം എന്ന പേരിൽ കവിതാപുസ്‌തകം രചിച്ചിട്ടുണ്ട്. ചന്ദ്രികയാണ് ഭാര്യ. ജയരാജ്, രഘുരാജ് എന്നിവർ മക്കൾ.
പിറന്നാൾ ആഘോഷം ഇന്ന്
കലാമണ്ഡലം ഗോപിയുടെ 88–-ാം ജന്മദിനാഘോഷം വെള്ളിയാഴ്‌ച നടക്കും. വൈകിട്ട് നാലിന് തെച്ചിക്കോട്ട്‌കാവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. കലാമണ്ഡലം ഗോപിയുടെ പേരിലുള്ള പ്രഥമ ഗുരുഗോവിന്ദം പുരസ്‌കാരം കഥകളി കലാകാരനും കലാമണ്ഡലം അധ്യാപകനുമായ ഷൺമുഖദാസിന് സമ്മാനിക്കും. പൂതനാമോക്ഷം കവിതയുടെ മോഹിനിയാട്ട ആവിഷ്‌കാരം, തായമ്പക, നളചരിതം ഒന്നാം ദിവസം കഥകളി എന്നിവ അരങ്ങേറും.









0 comments