വേഷങ്ങൾക്കൊപ്പം ഇനി ആ താളമില്ല

ശ്രീകൃഷ്ണപുരം: കലാമണ്ഡലം ബാലസുന്ദരന്റെ അപ്രതീക്ഷിത വിയോഗം കഥകളി ലോകത്തിന് തീരാനഷ്ടം. തിരുവാഴിയോട് കുറുവട്ടൂർ തേനേഴിതൊടി വീട്ടിൽ കലാമണ്ഡലം ബാലസുന്ദരൻ കഥകളി മേളത്തിന്റെ പ്രധാനിയായിരുന്നു. ഏഴുവർഷം കലാമണ്ഡലം ചെണ്ട വിഭാഗം മേധാവിയായി.
കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ, കീഴ്‌പ്പടം കുമാരൻനായർ, ഡോ. കലാമണ്ഡലം ഗോപി തുടങ്ങി പ്രശസ്തരായ കലാകാരൻമാരുടെ വേഷങ്ങൾക്ക് നിരവധി അരങ്ങുകളിൽ കൊട്ടി. കലാമണ്ഡലം അവാർഡ്, രാജസം പുരസ്കാരം, രമണീയം പുരസ്കാരം, ശ്രീചക്രം ഗൗരീശം പുരസ്കാരം, എറണാകുളം കഥകളി പുരസ്കാരം മുതലായവ ലഭിച്ചു. നിരവധിപേരെ ചെണ്ട വാദ്യം അഭ്യസിപ്പിച്ചു. ഏറെ ശിഷ്യരുണ്ട്.
1983ൽ കേരള കലാമണ്ഡലത്തിൽ കഥകളി ചെണ്ട വിഭാഗത്തിൽ വിദ്യാർഥിയായി ചേർന്നു. കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവരായിരുന്നു ഗുരുക്കൻമാർ. നാലുവർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമയും പൂർത്തിയാക്കി.
കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പും ലഭിച്ചു. 2004 മുതൽ കലാമണ്ഡലത്തിൽ കഥകളി ചെണ്ട അധ്യാപകനായി. 2023 മാർച്ചിൽ വിരമിച്ചു.








0 comments