മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി മാർപാപ്പയെ കണ്ട ഓർമകൾ പങ്കുവച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ എന്നും നിലകൊണ്ടതെന്ന് മുൻമന്ത്രിയും സിപിഐ എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള ഫെയസ്‌ബുക്ക് കുറിപ്പിലാണ് കടകംപള്ളി സുരേന്ദ്രന്റെ പരാമർശം. കുറിപ്പിൽ മന്ത്രിയായിരിക്കെ പോപ്പിനെ സന്ദർശിച്ച വിവരങ്ങളും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതും കടകംപള്ളി എഴുതിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചെന്നും അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയെച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറയുന്നു. എന്നാൽ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തെ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒന്നാം പിണറായി സർക്കാരിൽ ടൂറിസം വകുപ്പ് മന്ത്രി ആയിരിക്കെയാണ് മാർപ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദർശിക്കാനുള്ള അസുലഭ അവസരം എനിക്ക് ലഭിക്കുന്നത്. പുരോഗമന നിലപാടുകൾ ഉയർത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്നേഹ സമ്മാനങ്ങളും നൽകുകയുണ്ടായി. കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി. മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്നും കേരള സർക്കാർ കേന്ദ്രത്തിൽ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു.
മാർപ്പാപ്പയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ അന്നത്തെ യാത്രയും അദ്ദേഹത്തിന്റെ സ്നേഹോഷ്മളമായ സ്വീകരണവും ആയിരുന്നു ഓർമ വന്നത്. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് അദ്ദേഹം എന്നും നിലകൊണ്ടത്. അവർക്ക് നീതിയും കാരുണ്യവും അന്തസോടെ ജീവിക്കാനുള്ള അവകാശം തേടിയുമാണ് അദ്ദേഹം ശബ്ദം ഉയർത്തിയത്. നമ്മൾ ഇന്ന് കാണുന്ന അമിതമായ മുതലാളിത്ത വത്കരണത്തെ അദ്ദേഹം തുറന്നെതിർത്തു. യുദ്ധങ്ങൾക്കും കാലാവസ്ഥ വ്യതിയാനങ്ങൾക്കുമെതിരെവാദിച്ചു. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയുള്ള സഹാനുഭൂതിയും പോരാട്ടവും യഥാർത്ഥ വിശ്വാസത്തോടൊപ്പം മുന്നോട്ട് പോകേണ്ടതാണെന്ന് അദ്ദേഹം ലോകത്തെ ഓർമ്മിപ്പിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ലോകസമൂഹത്തിന് നഷ്ടമാകുന്നത് ഒരു ആത്മീയ നേതാവിനെ മാത്രമല്ല, മാനുഷികവും നീതിയുക്തവുമായ ഒരു സമൂഹത്തിനായി ശബ്ദം ഉയർത്തിയ ധീരനായ ഒരു പോരാളിയെ കൂടിയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വിഷമത്തിൽ ഞാനും പങ്ക് ചേരുന്നു. ആദരാഞ്ജലികൾ..









0 comments