പുറത്തുവരുന്നത് ‘കെ സി ഹൈക്കമാൻഡ് ’കളികൾ ; വ്യാപക അതൃപ്തി

തിരുവനന്തപുരം
കെപിസിസി നേതൃമാറ്റത്തിനുപിന്നിൽ ചിലരുടെ താൽപ്പര്യങ്ങളുണ്ടെന്നും അത് കോൺഗ്രസിന് ഗുണകരമാകില്ലെന്നും ആവർത്തിച്ച് മുതിർന്ന നേതാക്കൾ. കെ സുധാകരനും കെ മുരളീധരനും പരസ്യമായി അഭിപ്രായം പറയുമ്പോൾ മുതിർന്ന പലരും എഐസിസി നേതാക്കളോട് നേരിട്ട് പരാതിപ്പെട്ടു.
മുതിർന്ന നേതാക്കളെ നിലയ്ക്ക് നിർത്തണമെന്ന് പുതിയ നേതൃത്വത്തിലെ ചിലർ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യം. സുധാകരൻ അടക്കമുള്ളവരുടെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡും രോഷത്തിലാണ്. കോൺഗ്രസിൽ കുഴപ്പമാണെന്ന ധ്വനി ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രമാണിമാരായ നേതാക്കളെ നിയന്ത്രിക്കാനാകില്ലെന്ന വസ്തുതകൂടിയാണ് പരസ്യ പ്രതികരണങ്ങളിൽ തെളിയുന്നത്.
ഹൈക്കമാൻഡിലെ ‘ചിലർ ’ കുരുക്കിലാക്കി തെറിപ്പിച്ചെന്നാണ് സുധാകരന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. മാറ്റിയത് ശരിയല്ലെന്ന് ഹൈക്കമാൻഡ് സമ്മതിച്ചതിന് തുല്യമാണ് കേരളത്തിന്റെ ചുമതല തന്നെ ഏൽപ്പിച്ച നടപടിയെന്നാണ് സുധാകരൻ പറയുന്നത്. ‘‘ഡൽഹി ചർച്ചയിൽ രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖാർഗേയോ എന്നെ മാറ്റുന്ന കാര്യം സൂചിപ്പിച്ചതുപോലുമില്ല. പക്ഷെ, ഉടൻ മാറ്റി. ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടെന്നത് ശരിയല്ല, ചിലർ പ്രചരിപ്പിച്ചതാണ്. മാറ്റാനായി പറഞ്ഞ, ആരോഗ്യമില്ലെന്ന കാരണവും അംഗീകരിക്കാനാവില്ല. അങ്ങിനെയെങ്കിൽ ചുമതല തരുമോ? തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതിയ നേതൃത്വത്തെവച്ചതും ശരിയായില്ല. തെരഞ്ഞെടുപ്പ് നയിക്കേണ്ടത് എന്നെപ്പോലെ തഴക്കവും പഴക്കവുമുള്ള നേതാക്കളാണ്’’–- സുധാകരൻ പറഞ്ഞു.
കെ സി വേണുഗോപാലാണ് എല്ലാ കളിക്കും നേതൃത്വം നൽകിയത് എന്ന സൂചനയാണ് സുധാകരൻ നൽകിയത്. സുധാകരൻ തുടരണമെന്ന ആഗ്രഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നെന്ന് കെ മുരളീധരനും വെളിപ്പെടുത്തി. തെരഞ്ഞെടുപ്പുവരെ തുടരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അത് അനുവദിക്കാമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിൽ രൂക്ഷമാകുന്നത് കേവലം ഗ്രൂപ്പ് യുദ്ധമല്ലെന്നും പഴയ തലമുറനേതാക്കളും പുതിയ നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്നുമാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.









0 comments