സുരേഷ് ഗോപിയും വിട്ടുനിന്നു
ബിജെപി സംസ്ഥാന സമിതി യോഗം കെ സുരേന്ദ്രൻ ബഹിഷ്‌കരിച്ചു


സ്വന്തം ലേഖകൻ
Published on Sep 28, 2025, 12:04 AM | 1 min read
കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റശേഷം ആദ്യമായി ചേർന്ന സംസ്ഥാന സമിതി യോഗം മുൻ പ്രസിഡന്റ് കെ സുരേന്ദ്രൻ ബഹിഷ്‌കരിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും വിട്ടുനിന്നു. ശനിയാഴ്‌ച കൊല്ലത്തായിരുന്നു യോഗം. സുരേന്ദ്രൻ വിട്ടുനിന്നതോടെ, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന യോഗത്തിലും ബിജെപിയിലെ ഗ്രൂപ്പുപോര് പ്രകടമായി. ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പങ്കെടുത്തിട്ടും യോഗം ബഹിഷ്‌കരിച്ച സുരേന്ദ്രന്റെ നടപടി രാജീവ് പക്ഷത്തിനും തിരിച്ചടിയായി. സുരേന്ദ്രൻ വിഭാഗത്തിൽ രണ്ടാമനായി അറിയപ്പെടുന്ന സി കൃഷ്‌ണകുമാറും യോഗത്തിനെത്തിയില്ല. ഇതോടെ ഇൗ വിഭാഗത്തിന്റെ സന്പൂർണ ബഹിഷ്‌കരണമായി. അതേസമയം വി മുരളീധരൻ യോഗത്തിൽ പങ്കെടുത്തു.
രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായതിനുശേഷം സുരേന്ദ്രൻ– -മുരളീധരൻ പക്ഷത്തെ പൂർണമായും അവഗണിച്ചിരുന്നു. ഇതോടെ ഇവർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ കോർ കമ്മിറ്റി യോഗവും സുരേന്ദ്രൻ ബഹിഷ്‌കരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാം എന്നാണ് സുരേന്ദ്രൻ അടുപ്പക്കാരോട് പറഞ്ഞത്. എന്തുതീരുമാനവും എടുക്കാനുള്ള പൂർണസ്വാതന്ത്ര്യം രാജീവിന് കേന്ദ്രനേതൃത്വം നൽകിയിട്ടുള്ളതും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്. സംഘടനാ സെക്രട്ടറിമാർ എഴുതിയും പറഞ്ഞും കൊടുക്കുന്നത് വായിക്കുന്ന പണിയാണ് രാജീവ് ചന്ദ്രശേഖർ ചെയ്യുന്നതെന്നും കേരളത്തെ പഠിക്കാതെയാണ് സംസാരിക്കുന്നതെന്നും സംസ്ഥാന സമിതിയിൽ വിമർശം ഉയർന്നതായാണ് സൂചന. ജന്മനാടായ കൊല്ലത്ത് നടന്ന യോഗത്തിൽ പങ്കെടുക്കാത്ത സുരേഷ്ഗോപിയോട് വിശദീകരണം ചോദിക്കണമെന്നും ധാർഷ്ട്യവും സിനിമാസ്റ്റൈലും മാത്രം കൈമുതലുള്ള സുരേഷ്ഗോപി തലവേദനയായെന്നും വിമർശം ഉയർന്നു.
സംസ്ഥാന പ്രസിഡന്റ് നന്നായി മലയാളം പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണെന്ന് യോഗത്തിൽ ചിലർ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റുമാരും പ്രഭാരിമാരും സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുത്ത നേതൃയോഗത്തിലും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശമുയർന്നു. ഗൃഹസന്പർക്ക പരിപാടി പരാജയമായെന്നും നേതാക്കൾ പറഞ്ഞു.









0 comments