print edition 2031 ഓടെ എല്ലാ ഭൂമിക്കും കൃത്യമായ 
അളവും രേഖയും: മന്ത്രി രാജൻ

k rajan
വെബ് ഡെസ്ക്

Published on Oct 26, 2025, 02:51 AM | 1 min read


തൃശൂർ

2031ഓടെ സംസ്ഥാനത്തെ മുഴുവൻ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉണ്ടാകുക എന്നതാണ്‌ റവന്യു വകുപ്പിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി കെ രാജൻ പഞ്ഞു. തൃശൂരിൽ റവന്യൂ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2031-ഓടെ പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയ ഉടമസ്ഥാവകാശത്തിൽ നിന്നും സർക്കാർ ഉറപ്പു നൽകുന്ന അന്തിമമായ രേഖയിലേക്ക് എത്തുവാനുള്ള ശ്രമകരമായ യാത്രയാണ് റവന്യൂ വകുപ്പ് നടത്തുന്നത്. റവന്യൂ വകുപ്പിനെ സമ്പൂർണമായി ആധുനികവൽക്കരിക്കാൻ സർക്കാരിന് കഴിഞ്ഞു. നാലുവർഷക്കാലം കൊണ്ട് രണ്ടര ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് വരെ ഈ നടപടികൾ തുടരും.


"എല്ലാ ഭൂമിക്കും രേഖ’ എന്ന സ്വപ്നതുല്യമായ ആശയം നടപ്പിലാക്കുന്നതിനാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാവും. എല്ലാവിധത്തിലുള്ള സർവേകളും പൂർത്തിയാക്കി രേഖകൾ അടയാളപ്പെടുത്തി ചിത്രം കൃത്യമാക്കും. ഓരോ തുണ്ട് ഭൂമിക്കും തർക്കമില്ലാത്ത സർട്ടിഫിക്കറ്റ് നൽകാനാവും. ഭൂമി തർക്കം പൂർണമായും ഇല്ലാതാക്കും.


എല്ലാ സേവനങ്ങളും സ്മാർട്ട് എന്നത് ആധുനിക സമൂഹം ആവശ്യപ്പെടുന്ന ആശയമാണ്. റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റൈസ് ചെയ്തു. എല്ലാ സാക്ഷ്യപത്രങ്ങളും ഓൺലൈനായി വിതരണം ചെയ്യുന്നു. ഒരു കോടി സാക്ഷ്യപത്രങ്ങളാണ് ഇ- ഡിസ്ട്രിക്ട് പോർട്ടൽ മുഖേന വിതരണം ചെയ്തത്. ഉടമസ്ഥത, തരം തുടങ്ങിയ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കും. നിലവിലെ എല്ലാ ഭൂ വിനിയോഗ നിയമങ്ങളും സംയോജിപ്പിച്ച് ഒരു ഏകീകൃത ഭൂ വിനിയോഗ കോഡ് കൊണ്ടുവരും– മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home