കേരളം കടക്കെണിയിലല്ല , കടമെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ച്
കേരളത്തിന് നിഷേധിച്ചത് 2.5 ലക്ഷം കോടിരൂപ : കെ എൻ ബാലഗോപാൽ

കൊച്ചി
കേന്ദ്രസർക്കാരിന്റെ നിലപാടുമൂലം കേരളത്തിന് അഞ്ചുവര്‍ഷത്തിനിടയിൽ 2.5 ലക്ഷം കോടിരൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി വിഹിതത്തിലെ കുറവ്, വായ്പ എടുക്കുന്നതിലെ അനാവശ്യനിയന്ത്രണം, ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കല്‍ തുടങ്ങിയവയിലൂടെ വര്‍ഷം 50,000 കോടിയിലേറെ രൂപയുടെ വരുമാന സാധ്യതകളാണ് നിഷേധിച്ചതെന്നും ബാലഗോപാൽ പറഞ്ഞു. ‘വിഷന്‍ 2031’ സംസ്ഥാന സെമിനാറുകളുടെ ഭാഗമായി സംഘടിപ്പിച്ച ധനകാര്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ആനുകൂല്യങ്ങളടക്കം വിവിധ മേഖലകള്‍ക്ക് മാറ്റിവയ്ക്കേണ്ട തുക 30,000 കോടിയില്‍ താഴെമാത്രമാണ്. അര്‍ഹമായ തുക മുഴുവന്‍ ലഭിച്ചിരുന്നെങ്കില്‍ രണ്ടേകാല്‍ ലക്ഷം കോടിരൂപയുടെ വികസന,ക്ഷേമപ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷത്തില്‍ നടപ്പാക്കാമായിരുന്നു.
2019-ല്‍ 178 ഇനങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചത് സംസ്ഥാനങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. ഇപ്പോഴത്തെ വെട്ടിക്കുറവുവഴി ഈ വര്‍ഷം സംസ്ഥാനത്തിന് 5000 കോടിയുടെ വരുമാനനഷ്ടമുണ്ടാകും. വര്‍ഷം ശരാശരി 10,000 കോടി രൂപയുടെ ജിഎസ്ടി കുറയും. എന്നാൽ, സാധാരണക്കാര്‍ക്കല്ല, വന്‍കിട കമ്പനികള്‍ക്കാണ് ഗുണം കിട്ടുക.
നികുതിവിഹിതത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകുന്നു. 15ാം ധനകമീഷന്‍ 1.92 ശതമാനം നികുതിവിഹിതമാണ് നിശ്ചയിച്ചത്. 14ാം ധനകമീഷന്റെ കാലത്ത് 2.5 ശതമാനം ലഭിച്ചിരുന്നു. പത്താം ധനകമീഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു നമ്മുടെ വിഹിതം. ഈ വര്‍ഷം കേന്ദ്രനികുതിവിഹിതമായി കിട്ടുന്നത് ഏതാണ്ട് 27,000 കോടി രൂപയാണ്. പത്താം ധനകമീഷന്റെ വിഹിതം അനുസരിച്ചാണെങ്കില്‍ കേരളത്തിന് ഈ വര്‍ഷം 54,000 കോടി രൂപയാണ് ലഭിക്കേണ്ടത്– മന്ത്രി പറഞ്ഞു.
കേരളം കടക്കെണിയിലല്ല , കടമെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ച്
കടം വർധിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ കേരളമല്ലെന്ന് സിഎജി റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ കടം അപകടാവസ്ഥയിലല്ല. എടുക്കുന്ന വായ്പ, മൂലധനച്ചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കുള്ളില്‍നിന്നാണ് കേരളം കടമെടുക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോള്‍ കടം ആറുലക്ഷം കോടിയാകുമെന്നാണ് ചിലരുടെ പ്രചാരണം. എന്നാല്‍, 4.74 ലക്ഷം കോടിയേ കടം എത്തിയിട്ടുള്ളൂവെന്ന് സിഎജിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ‘വിഷന്‍ 2031’ ന്റെ ഭാഗമായി കൊച്ചിയിൽ ധനവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
സംസ്ഥാനത്തിന്റെ കടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, സര്‍ക്കാരുകൾ അധികാരമേൽക്കുന്നതിനേക്കാൾ ഇരട്ടിയായിരിക്കും കാലാവധി കഴിയുമ്പോഴുള്ള കടം. വി എസ് സര്‍ക്കാരിന്റെ കാലത്ത് 78,673 കോടിയായിരുന്നു കടം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് 1.57 ലക്ഷം കോടിയായി ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2.96 ലക്ഷം കോടിയായിരുന്നു കടം. ഈ സര്‍ക്കാരിന്റെ കാലത്ത് ആറുലക്ഷം കോടിയാകുമെന്നായിരുന്നു അനുമാനം. എന്നാൽ, അത് 4.74 ലക്ഷം കോടിയിലേ എത്തൂ. അതായത്, അഞ്ചുവര്‍ഷത്തില്‍ വായ്പയില്‍മാത്രം ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ വരുമാനക്കുറവാണ് കേരളത്തിനുണ്ടായത്.
ഈ വരുമാന നഷ്ടങ്ങള്‍ക്കിടയിലും നമ്മുടെ ചെലവ് ശരാശരി 1.17 ലക്ഷം കോടി രൂപയില്‍നിന്ന് 1.74 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തി. ഈ വര്‍ഷം നമ്മുടെ തനതുവരുമാനം ഒരു ട്രില്യണ്‍ രൂപയിലേക്ക് എത്തുകയാണ്. ഇങ്ങനെ വന്‍തോതില്‍ തനത് നികുതി, നികുതിയിതര വരുമാനം ഉയര്‍ത്തിയാണ് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു കുറവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടീൽ, എക്‌സ്‌പെൻഡിച്വർ സെക്രട്ടറി കേശവേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.









0 comments