ആർഎസ്‌എസിനും കോൺഗ്രസിനും ഒരേ മുദ്രാവാക്യം: മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം
ആർഎസ്‌എസ് പുറത്ത് ഹിന്ദിയിൽ ഉയർത്തുന്ന മുദ്രാവാക്യം നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ ഏറ്റുവിളിക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. രണ്ടും ഒരാൾതന്നെ എഴുതിക്കൊടുത്തതാണോ എന്നാണ് സംശയം. ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ചാലേ ഡൽഹിയിലിരിക്കുന്നവർക്ക് മനസ്സിലാകൂ. ‘ചോർ ഹേ ചോർ ഹേ’ എന്ന് വിളിക്കുന്ന വീഡിയോ എടുത്ത് എഐസിസി നേതൃത്വത്തിന് കൊടുക്കാം. പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ ഇത് ചെലവാവില്ല – ബാലഗോപാൽ പറഞ്ഞു.
മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 2221 കോടിയുടെ സഹായം ആവശ്യപ്പെട്ടപ്പോൾ 260 കോടിയാണ് അനുവദിച്ചത്. ‘കം ഹേ, കം ഹേ, ആപ് കാ പിഎംഡിആർഎഫ് കംഹേ’ എന്ന ഹിന്ദി മുദ്രാവാക്യം മോദിക്കെതിരെ വിളിക്കാൻ തയ്യാറുണ്ടോ. സർക്കാരിന്റെ നേട്ടം ജനങ്ങളിലെത്താതിരിക്കാൻ നിയമസഭയിൽ ചർച്ച മുടക്കേണ്ടത് അത്യാവശ്യമായിരിക്കാം. എന്നാൽ, ഇതൊക്കെ ജനം കാണുന്നുണ്ട് എന്നോർക്കണം. മൂക്ക് മുറിച്ച് ശകുനം മുടക്കുന്നവരാണ് പ്രതിപക്ഷം. ഏതു പദ്ധതി വന്നാലും കമീഷൻ കിട്ടുന്നതിനെക്കുറിച്ചാണ് അവർ ആലോചിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നു.
സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആവശ്യം. ഇൗ സിബിഐയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അംഗീകരിക്കുന്നുണ്ടോ. ശബരിമല വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കാരിന് മറ്റൊരു ഇടപെടലും സാധ്യമല്ല. പ്രത്യേക അന്വേഷകസംഘം കാര്യങ്ങൾ കണ്ടെത്തട്ടെ. പ്രതിപക്ഷം ആഗ്രഹിക്കുന്നത് പുകമറ ഉണ്ടാക്കാനാണ്. സഭയുടെ ഗാലറിയിൽ സഭാനടപടികൾ കാണാൻ വന്ന കുട്ടികളുണ്ടെന്നും സുപ്രധാനമായ നിയമനിർമാണത്തിൽ പങ്കെടുക്കാതെ ബഹളം വയ്‌ക്കുന്നത് അവർ കാണുന്നുണ്ട് എന്ന് ഓർക്കണമെന്നും ബാലഗോപാൽ പറഞ്ഞു.









0 comments