കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു: മന്ത്രി കെ എൻ ബാലഗോപാൽ

കോട്ടയം: കേരളത്തിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ അതിശക്തമായ കടന്നാക്രമണങ്ങൾ നേരിടുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ബജറ്റിന് തുല്യമായി 1.45 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ കൈാര്യം ചെയ്യുന്നത്. കേരള ബാങ്കിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഇടപാടിന് പുറമേയാണിത്.
ധനകാര്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയായ 3,330 കോടി രൂപ കേന്ദ്രസർക്കാർ പിടിച്ചുവച്ചിരിക്കുകയാണ്.
കെഎസ്‌എഫ്‌ഇക്ക് ഒരു ലക്ഷത്തിലധികം കോടിയുടെ വിറ്റുവരവുണ്ടായത് എൽഡിഎഫ് സർക്കാരിന് തുടർച്ചയുണ്ടായതിനാലാണ്. 76 പുതിയ ബ്രാഞ്ചുകൾ തുടങ്ങി. ഇടപാടുകൾ ഒരു കോടിയിലെത്തിക്കും. എൽഡിഎഫ് സർക്കാർ വന്നതിനാലാണ് ശന്പള പരിഷ്‌കരണം നടപ്പാക്കിയത്.
കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്പോഴും തനത് വരുമാനത്തിലൂടെ അതിജീവിക്കുകയാണ്. തനത് വരുമാനം 80,000 കോടിയായി വർധിപ്പിച്ചു. ഇത് ഒരു ലക്ഷം കോടിയായി വർധിപ്പിക്കും. കെഎസ്‌എഫ്‌ഇ ശന്പള പരിഷ്‌കരണത്തിൽ വേഗത്തിൽ തീരുമാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.









0 comments