പുത്തൻ വികസന കാഴ്ചപ്പാടുകൾ ; 'സ്മാർട്ട് -പേപ്പർ ലെസ്– ഇൻക്ലൂസീവ് രജിസ്ട്രേഷൻ' ലക്ഷ്യം

കൊച്ചി
സ്മാർട്ട്–പേപ്പർ ലെസ്– ഇൻക്ലൂസീവ് രജിസ്ട്രേഷൻ എന്ന ആശയത്തിന് ഉൗന്നൽ നൽകാൻ രജിസ്‌ട്രേഷൻവകുപ്പ്. വിഷൻ 2031: സംസ്ഥാന സെമിനാറിൽ രജിസ്ട്രേഷൻവകുപ്പ് ഇൻസ്പെക്ടർ ജനറൽ കെ മീര വകുപ്പിന്റെ വികസന കാഴ്‌ചപ്പാടുകൾ അവതരിപ്പിച്ചു.
സാങ്കേതികവിദ്യയുടെ പ്രയോജനം പരമാവധി വിനിയോഗിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. വകുപ്പിന്റെ ഓഫീസുകളെല്ലാം കംപ്യൂട്ടർവൽക്കരിച്ച് പരമാവധി ആധുനികതയിലേക്ക് ഉയർത്തും. ഓഫീസുകളിൽ മികച്ച കണക്ടിവിറ്റി ഉറപ്പാക്കും. രജിസ്ട്രേഷൻ നടപടികൾ പരമാവധി ഡിജിറ്റൽ ആക്കുകയാണ് മറ്റൊരു ലക്ഷ്യം.
പേപ്പർ ലെസ് രജിസ്ട്രേഷൻ, രജിസ്റ്റർ ഓഫീസിൽ നേരിട്ട് ഹാജരാകാതെതന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഫേസ് ലെസ് രജിസ്ട്രേഷൻ, രേഖകളുടെ പൂർണമായ ഡിജിറ്റൈസേഷൻ, ആധാരം തയ്യാറാക്കുന്നതിലും അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിലും നിർമിത ബുദ്ധിയുടെ സഹായത്തിൽ ചാറ്റ് ബോട്ട്, ഒരു ജില്ലയിലെ വസ്തു ആ ജില്ലയിലെ ഏത് ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്ട്രേഷൻ, ഇടപാടുകൾക്കും മറ്റു സേവനങ്ങൾക്കുമായി മൊബൈൽ ആപ്ലിക്കേഷൻ, ആൾമാറാട്ടം ഉൾപ്പെടെ ക്രമക്കേടുകൾ തടയുന്നതിനായി ബയോമെട്രിക് അധിഷ്ഠിത രജിസ്ട്രേഷൻ തുടങ്ങിയ സംവിധാനങ്ങൾ വകുപ്പിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് വികസന കാഴ്ചപ്പാടിൽ പറയുന്നു.
വകുപ്പിന്റെ പൊതുവിഷയങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ജനകീയ സമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജിതപ്പെടുത്തും. ആധാരം എഴുത്തുകാരുടെ ലൈസൻസിങ് സേവനം പൂർണമായും ഓൺലൈനാക്കുക, ജീവനക്കാരുടെ ജോലിക്ഷമത വർധിപ്പിക്കാൻ പരിശീലനം, ഓഫീസുകൾ സ്ത്രീസൗഹൃദമാക്കൽ തുടങ്ങിയവയും വികസനകാഴ്ചപ്പാടിൽ ഉൾക്കൊള്ളിച്ചിരുന്നു.









0 comments