കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം ; ന്യായീകരിച്ച്‌ സതീശൻ , കോൺഗ്രസിൽ ഭിന്നത

K J Shine cyber attack
വെബ് ഡെസ്ക്

Published on Sep 21, 2025, 03:40 AM | 2 min read


തിരുവനന്തപുരം

കെ ജെ ഷൈനിന്‌ നേരെ നടക്കുന്ന ഹീനമായ സൈബർ ആക്രമണത്തിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ന്യായീകരണം തുടരുന്പോഴും ഭിന്നതയുമായി കോൺഗ്രസ്‌ നേതാക്കൾ. തന്റെ അനുയായി ഗോപാലകൃഷ്ണനാണ്‌ ആക്രമണത്തിന്‌ തുടക്കമിട്ടതെന്ന്‌ വ്യക്തമായിട്ടും നടപടിയെടുക്കാൻ തയ്യാറല്ലെന്ന നിലപാടാണ്‌ പ്രതിപക്ഷ നേതാവ്‌ ആവർത്തിച്ചത്‌. ഒരു മാസം മുമ്പ്‌ താൻ സമൂഹമാധ്യമങ്ങളിൽ കെ ജെ ഷൈനിനെതിരെ കുറിപ്പ്‌ ഇട്ടിരുന്നുവെന്നും പിന്നീട്‌ മാറ്റിയതാണെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഷാജഹാന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു, അതിപ്പോഴും തന്റെ ഫെയിസ്‌ബുക്കിൽ കിടപ്പുണ്ട്‌. അത്‌ മാറ്റാൻ ഉദ്ദ്യേശ്യമില്ല. വി ഡി സതീശനുവേണ്ടി സൈബർ പോസ്‌റ്റുകൾ തയ്യാറാക്കുന്നത്‌ താനാണെന്നും കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി കൂടിയായ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.


ഇ‍ൗ സാഹചര്യത്തിലാണ്‌ മാധ്യമങ്ങൾ സതീശനെ സമീപിച്ചത്‌. എന്നാൽ, ഇത്‌ ഒരുമാസം മുന്പുള്ള സംഭവമല്ലേയെന്നും മാധ്യമങ്ങളോട്‌ അന്വേഷിക്കാനുമായിരുന്നു മറുപടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡന പരാതികൾ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോൾ സിപിഐ എമ്മിനെതിരെ ഒരു ബോംബ്‌ വരുന്നുണ്ടെന്ന്‌ സതീശൻ പ്രഖ്യാപിച്ചിരുന്നു. അത്‌ വ്യാജ ബോംബായിരിക്കുമെന്ന്‌ അന്നേ മറുപടിയും പറഞ്ഞിരുന്നു. അത്‌ ഇപ്പോൾ തെളിയുകയും ചെയ്തു.


എന്നാൽ, സൈബർ ആക്രമണത്തെ ന്യായീകരിക്കുകയല്ല, ഒറ്റക്കെട്ടായി നിന്ന്‌ മുളയിലേ നുള്ളിക്കളയുകയാണ്‌ വേണ്ടതെന്ന്‌ കെ മുരളീധരൻ പറഞ്ഞു. താനടക്കമുള്ള നേതാക്കളും പാളയത്തിൽ നിന്ന്‌ ക്രൂരമായ സൈബർ വേട്ടയ്ക്ക്‌ ഇരയായിട്ടുണ്ട്‌. ഷൈൻ ടീച്ചർക്കെതിരെയുണ്ടാകുന്ന സൈബർ ആക്രമണത്തിനെതിരെ പൊലീസ്‌ ശക്തമായ നടപടിയെടുക്കണം. അതേസമയം, സൈബർ ആക്രമണ വിഷയത്തിൽ ആവർത്തിച്ച്‌ ചോദിച്ചിട്ടും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ പ്രതികരിച്ചില്ല.


ഇക്കാര്യത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കിടയിൽ രൂക്ഷമായ ഭിന്നത നിലവിലുണ്ടെന്നാണ്‌ പുറത്തുവരുന്ന വിവരം. രാഹുലിനെതിരെ നടപടിയെടുത്തത്‌ ആരെങ്കിലും ആരോപണം ഉന്നയിച്ചതുകൊണ്ടല്ല, നേതൃത്വത്തിന്‌ പരാതി കിട്ടിയതുകൊണ്ടും കഴന്പുണ്ടെന്ന്‌ ബോധ്യപ്പെട്ടതുകൊണ്ടുമാണെന്ന്‌ നേതാക്കൾ വിശദീകരിച്ചിട്ടുണ്ട്‌. അതിന്‌ ബദലായി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത്‌ തിരിച്ചടിക്കുമെന്ന്‌ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ ഓർമ്മിപ്പിച്ചു.


മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

സൈബർ ആക്രമണത്തിന്റെ ഉറവിടം പറവൂർ: കെ എൻ ഉണ്ണിക്കൃഷ്‌ണൻ

തനിക്കെതിരായ സൈബർ ആക്രമണത്തിന്റെ തുടക്കം പറവൂരിൽനിന്നാണെന്ന്‌ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ. അപവാദപ്രചാരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.


സൈബർ ആക്രമണത്തിന്‌ കോൺഗ്രസ്‌ നേതാക്കളുടെ മൗനാനുവാദം ഉണ്ടെന്ന് സംശയിക്കുന്നു. കോൺഗ്രസ്‌ പ്രാദേശിക നേതാവിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ആദ്യം പ്രചാരണമുണ്ടായത്‌. പിന്നീട് ഒരു ദിനപത്രത്തിലും വന്നു. പേര് പരാമർശിക്കാത്തതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നിയമനടപടിക്ക് പോകാതിരുന്നത്. സമൂഹമാധ്യമങ്ങളിൽ പിന്നീട് വ്യാപക ആക്രമണം നേരിട്ടു‍. സൈബർ ആക്രമണത്തെ തള്ളാനോ നിരുത്സാഹപ്പെടുത്താനോ പ്രതിപക്ഷനേതാവ്‌ തയ്യാറാവാത്തത്‌ സംശയം ജനിപ്പിക്കുന്നു.


കെ എം ഷാജഹാൻ, സംഭവകഥ പോലെയാണ്‌ യുട്യൂബ് ചാനലിൽ പ്രചരിപ്പിച്ചത്‌. സിപിഐ എമ്മിനെ തകർക്കാൻ പല മാർഗങ്ങളും സ്വീകരിക്കുന്നയാളാണ് ഷാജഹാൻ. 
തന്റെ പേരുവച്ച് പിന്നീട് വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചു.


നുണപ്രചാരണത്തിനെതിരെ ഫെയ്‌സ്ബുക്കിൽ താൻ കുറിപ്പിട്ടശേഷവും സൈബർ ആക്രമണം തുടർന്നു. കോൺഗ്രസ് ഇവരെ തള്ളിപ്പറയാത്തിടത്തോളം കാലം, സതീശൻ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിന്റെ പിന്തുടർച്ചയാണ്‌ ഇതെന്ന് കരുതേണ്ടിവരുമെന്നും കെ എൻ ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.


വിവരങ്ങൾ തേടി 
മെറ്റയ്‌ക്ക്‌ കത്ത്‌ നൽകി

കെ ജെ ഷൈനിനെതിരെയുള്ള അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി എറണാകുളം റൂറൽ സൈബർ പൊലീസ്‌ ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നൽകി. മെറ്റയിൽനിന്ന്‌ വിവരങ്ങൾ ലഭിക്കുന്നമുറയ്‌ക്ക്‌ പോസ്‌റ്റ്‌ തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ തുടർനടപടി സ്വീകരിക്കാനാണ്‌ അന്വേഷകസംഘത്തിന്റെ നീക്കം. പ്രധാന പ്രതികളായ കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ്‌ സൂചന. കോൺഗ്രസ്‌ സൈബർ ആക്രമണത്തിനെതിരായ പരാതികൾ മുനമ്പം ഡിവൈഎസ്‌പി എസ്‌ ജയകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ മുനമ്പം ഡിവൈഎസ്‌പി ഓഫീസിലെത്തി മൊഴി നൽകി. ഷൈനിന്റെ മൊഴി അന്വേഷകസംഘം രേഖപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home