"ആന്റണി ഒറ്റുകാരനും അധികാരക്കൊതിയനും"; രൂക്ഷവിമർശനവും വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് നേതാവിന്റെ ആത്മകഥ

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിക്കെതിരെ രൂക്ഷവിമർശനവും വെളിപ്പെടുത്തലുകളുമായി മുതിർന്ന കോൺഗ്രസും നേതാവും ദീര്‍ഘകാലം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ഗോപിനാഥന്റെ ആത്മകഥ. ആന്റണി അധികാരമോഹിയും ഒറ്റുകാരനുമാണെന്ന് ഗോപിനാഥൻ 'ഞാന്‍, എന്റെ ജീവിതം' എന്ന ആത്മകഥയിൽ പറയുന്നു.
സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ചതിയനാണ് ആന്റണി. അധികാരത്തോട് വിരക്തിയുള്ള ആൾ എന്ന പരിവേഷം കൊണ്ടുനടക്കുമ്പോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണ കോണ്‍ഗ്രസുകാര്‍ക്കു ഒന്നു ചെയ്തിട്ടുമില്ല. രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണിയെന്നും 'എ കെ ആന്റണിയുടെ ചതി' എന്ന അധ്യായത്തില്‍ ഗോപിനാഥൻ വിമർശിക്കുന്നു.
കെഎസ്‌യുവിന്റെ രൂപീകരണവുമായി ആന്റണിക്ക് ഒരു പങ്കുമില്ലെന്നും ആത്മകഥയിൽ വെളിപ്പെടുത്തുന്നു. കെഎസ്‌യു രൂപീകരിക്കുമ്പോൾ ആന്റണി കോളേജില്‍ പോലും എത്തിയിരുന്നില്ല.1957ല്‍ കെഎസ്‌യു രൂപം കൊള്ളുന്നത് ജോര്‍ജ് തരകന്‍ പ്രസിഡന്റും വയലാര്‍ രവി എന്ന എം കെ രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇവരുള്‍പ്പടെ അന്നുണ്ടായിരുന്ന യഥാര്‍ത്ഥ സ്ഥാപകരെയെല്ലാം തമസ്‌കരിച്ച് കെഎസ്‌യുവിന്റെ സ്ഥാപകനായി അദ്ദേഹം വിരാജിക്കുന്നു. ഒരണ സമരത്തിലും ആന്റണിക്ക് ഒരു പങ്കുമില്ല. ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദുമൊക്കെ, ഗ്രൂപ്പുകളിച്ച്, കരുണാകരന്‍ ഒതുക്കപ്പെടുമ്പോള്‍, എനിക്ക് ഗ്രൂപ്പില്ല എന്ന് ആന്റണി പ്രഖ്യാപിക്കും. തുടര്‍ന്ന് പ്രഥമസ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും- അദ്ദേഹം വിവരിക്കുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലും തനിക്ക് ആന്റണിയില്‍ നിന്ന് തിക്താനുഭവങ്ങളുണ്ടായെന്നും ഗോപിനാഥൻ പറയുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ശിവഗിരി സംഭവവും പൊലീസ് നടപടികളും ഉണ്ടായത്. നിരവധി സന്യാസിമാര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. യാതൊരു ആലോചനയുമില്ലാതെ മുഖ്യമന്ത്രി ആന്റണി ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നു ഇത്. പൊലീസ് നടപടിക്ക് അനുമതി നല്‍കിയ ശേഷം ആന്റണി ഡല്‍ഹിക്ക് മുങ്ങി. ഇതില്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ആത്മകഥയിൽ തുറന്നുപറയുന്നു.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് പുസ്തകത്തിന്റെ പ്രാകശനം നിർവഹിച്ചത്. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷുള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ലിവിഡസ് പബ്‌ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.









0 comments