കേന്ദ്ര പൊതുമേഖലാ കോ–ഓർഡിനേഷൻ കൺവൻഷൻ

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ പ്രക്ഷോഭം തുടങ്ങും

k chandran pilla
വെബ് ഡെസ്ക്

Published on Oct 15, 2025, 03:07 AM | 1 min read


​​​കളമശേരി

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കേന്ദ്ര പൊതുമേഖലാ കോ–ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു) ആഭിമുഖ്യത്തിൽ ചേർന്ന ജീവനക്കാരുടെ സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു.

രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് അടിത്തറയിട്ട കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളെ തകർക്കുന്ന നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും അവയെ പുനരുജ്ജീവിപ്പിക്കണമെന്നും കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌ത സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ആവശ്യപ്പെട്ടു.


​എച്ച്എംടി മെഷീൻ ടൂൾസ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുക, പാലക്കാട്‌ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് സംരക്ഷിക്കുക, പിഎഫ് പെൻഷൻകാർക്ക് സുപ്രീംകോടതി വിധി അനുസരിച്ച് ഹയർ പെൻഷൻ അനുവദിക്കുക എന്നീ പ്രമേയങ്ങളും കൺവൻഷൻ അംഗീകരിച്ചു. ടാറ്റാ കൺസൽട്ടൻസി സർവീസിലെ (ടിസിഎസ്) കൂട്ട പിരിച്ചുവിടലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എംടി മെഷീൻ ടൂൾസിന്റെയും പാലക്കാട് ഐടിഐയുടെയും പ്രതിസന്ധി കൺവൻഷൻ ചർച്ച ചെയ്‌തു.


ലാഭത്തിൽ പ്രവർത്തിച്ചിരുന്ന എച്ച്എംടി കേന്ദ്രനയങ്ങളുടെയും കോർപറേറ്റ് മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥതകൊണ്ട് തകർച്ചയിലാണ്. ഗ്ലോബൽ ടെൻഡറിൽ ഒന്നാമതായി വന്നാൽപ്പോലും കമ്പനിയെ തഴയുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 3200 ജീവനക്കാർവരെ ഉണ്ടായിരുന്നത് 117 ആയി കുറഞ്ഞു. പാലക്കാട് ഐടിഐയിൽ സ്ഥിരം തൊഴിലാളികളായി ഏഴുപേർ മാത്രമാണുള്ളത്. മൂന്നു മാസമായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഈ സ്ഥിതിതന്നെയാണ് പല കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾക്കുമുള്ളത്.


കൊച്ചി ഷിപ്‌യാർഡ്, പാലക്കാട് ബെമൽ, ബിപിസിഎൽ, ബിപിസിൽ മാർക്കറ്റിങ്‌, റെയിൽവേ, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള കേന്ദ്രപൊതുമേഖലകൾ സ്വകാര്യവൽക്കരണ ഭീഷണിയിലാണെന്നും കൺവൻഷൻ വിലയിരുത്തി.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി ഡി നന്ദകുമാർ അധ്യക്ഷനായി. ​​കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം ജി അജി, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, എൻ കെ ജോർജ്, പി കൃഷ്ണദാസ്, സന്തോഷ്‌ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home