'ജനങ്ങളെ മോഹവലയത്തിൽ നിർത്തുന്നു'; ലൈഫ് മിഷൻ തട്ടിപ്പെന്ന് ആക്ഷേപിച്ച് കെ സി വേണുഗോപാൽ

കെ സി വേണുഗോപാൽ
നിലമ്പൂർ: സാധാരണക്കാരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ലൈഫ് മിഷനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ലൈഫ് മിഷൻ പദ്ധതി തട്ടിപ്പാണെന്നും കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ജനങ്ങളെ മോഹവലയത്തിൽ നിർത്തുകയാണെന്നും വേണുഗോപാൽ ആക്ഷേപിച്ചു. ക്ഷേമപെൻഷൻ സർക്കാര് കൈക്കൂലിയാക്കി കൊടുക്കുകയാണെന്ന മുൻനിലപാട് വേണുഗോപാൽ മാധ്യമങ്ങളോട് ആവർത്തിച്ചു.
മുൻപും യുഡിഎഫ് നേതാക്കൾ ലൈഫ് മിഷനെതിരെ രംഗത്ത് വന്നിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പദ്ധതി നിർത്തലാക്കുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ പറഞ്ഞത്.
ഭവനരഹിതരില്ലാത്ത കേരളം എന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനിൽ ഇതുവരെ 5,47,553 കുടുംബത്തിന് വീടിനുള്ള തുക അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 4,51,000 വീടുകളാണ് പദ്ധതി വഴി പൂർത്തിയായത്. പട്ടികവർഗക്കാർക്ക് ആറു ലക്ഷം രൂപയും മറ്റുള്ളവർക്ക് നാലുലക്ഷം രൂപയുമാണ് ഇതിനായി നൽകുന്നത്. അടുത്ത വർഷം ലൈഫ് മിഷനിൽ സംസ്ഥാനത്തൊട്ടാകെ 6.5 ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.









0 comments