ജെഎസ്കെയുടെ പ്രദർശന വിലക്ക്: സിനിമ സംഘടനകൾ സമരത്തിലേക്ക്

fefka b unnikrishnan
വെബ് ഡെസ്ക്

Published on Jun 27, 2025, 01:13 PM | 1 min read

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പ്രദർശനാനുമതി സെൻസർ ബോർഡ് തടഞ്ഞ സംഭവത്തിൽ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ തിങ്കളാഴ്ച സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരം ഒരു ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും. സിനിമ പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക'യും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും സമരത്തിൽ പങ്കെടുക്കും.


സുരേഷ് ​ഗോപി ചിത്രമായ ജെഎസ്കെയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് കാണിച്ചാണ് ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. സിനിമയുടെ ട്രെയിലറും ടീസറും കേരളത്തിലെ തിയറ്ററുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും സാമുദായിക പൊരുത്തക്കേടുള്ളതായോ ക്രമസമാധാന പ്രശ്നമുള്ളതായോ വിവരം ലഭിച്ചിട്ടില്ല. ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം, സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം അതാണോ ബോർഡിന്റെ നിലപാട്.


തിരുവനന്തപുരത്ത് പ്രാദേശിക കമ്മിറ്റി സിനിമ കണ്ടതിന് ശേഷം പ്രദർശനത്തിന് യോ​ഗ്യമാണ് എന്ന കുറിപ്പോടെയാണ് മുംബൈയിലേക്ക് അയച്ചത്. സിനിമ കാണാതെ ചിത്രത്തിന്റെ സംഗ്രഹം വായിച്ചതിന് ശേഷം സിബിഎഫ്സി ചെയർമാൻ അദ്ദേഹത്തിന്റെ വിവേചന അധികാരം ഉപയോ​ഗിച്ച് റിവൈസിങ് കമ്മിറ്റിക്ക് വിട്ടു. ഇത് ഏകപക്ഷീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.


സിനിമ സംഘടനകളുടെ സമരം ജെഎസ്കെ എന്ന ഒറ്റ സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമോ, പ്രതിഷേധമോ അല്ല. സിനിമ ഒരു കാലാവധിയുള്ള പ്രൊഡക്ട് ആണ്. അതിന്റെ സമയം കഴിഞ്ഞ് പുറത്തിറക്കിയിട്ട് കാര്യമില്ല. സിനിമയുടെ നിർമാതാക്കൾ വലിയ ആശങ്കയിലാണ്. സമ്മർദത്തിന് വഴങ്ങി അവർ ചിത്രത്തിന്റെ പേര് മാറ്റിയാൽ പോലും അത്ഭുതപ്പെടില്ല. കോടതി വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home