'അധ്യാപക നിയമന കാര്യത്തിലും മുനമ്പം ഭൂപ്രശ്‌നത്തിനും ശാശ്വത പരിഹാരമായി': ജോസ് കെ മാണി

കോട്ടയം: എയ്ഡഡ് മാനേജ്മെന്റുകൾ അഭിമുഖീകരിച്ച അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം ഭൂ പ്രശ്നത്തിനും എൽഡിഎഫ് സർക്കാർ ശാശ്വത പരിഹാരം കണ്ടെത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
ഈ രണ്ടുവിഷയങ്ങളിലും കേരള കോൺഗ്രസ് എം നടത്തിയ നിരന്തര ഇടപെടലുകളുടെ വിജയം കൂടിയാണിത്. ഇതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവർക്ക് നിരാശയുടെ ദിനമാണ്.
കൈവശ ഭൂമിയിൽനിന്ന് ഒരിക്കലും ഇറങ്ങി പോകേണ്ടി വരില്ലെന്ന ഉറപ്പാണ് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് അംഗീകരിക്കുമെന്ന സർക്കാർ തീരുമാനത്തിലൂടെ മുനമ്പം നിവാസികൾക്ക് നൽകിയിരിക്കുന്നത്.
ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അധ്യാപക നിയമനം അംഗീകരിക്കുന്നതിനും അവർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടി എത്രയും വേഗം ഉണ്ടാകുമെന്ന തീരുമാനവും വന്നു. ഭിന്നശേഷി നിയമന സംവരണത്തിൽ എൻഎസ്എസ് കേസിൽ സുപ്രീംകോടതിയിൽനിന്നുണ്ടായ വിധി ഇതര എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നാണ് സർക്കാർ നിലപാട്.
പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.









0 comments