വഖഫ് നിയമം ഭേദഗതി വരുത്താതെ മുനമ്പം പ്രശ്‌നം തീരില്ല: ജോസ് കെ മാണി

കോട്ടയം: കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ മുനമ്പത്തെ ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന് പ്രായോഗികമല്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് എം സ്വീകരിച്ചതെന്ന് പാർടി ചെയർമാൻ ജോസ് കെ മാണി. വഖഫ് ഭേദഗതി ബിൽ നിയമമായപ്പോൾ മുനമ്പം നിവാസികൾ വഞ്ചിക്കപ്പെട്ടു.
മുൻകാല പ്രാബല്യമുണ്ടെങ്കിൽ മാത്രമേ മുനമ്പം നിവാസികൾക്ക് പ്രയോജനപ്പെടുകയുള്ളൂവെന്ന് ബില്ലിന്റെ ചർച്ചയിൽ പാർടി വ്യക്തമാക്കിയതാണ്. മുനമ്പം വിഷയം പരിഹരിക്കുന്നതിന് കൃത്യമായ ഭേദഗതി നിർദേശം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവ് കേരള കോൺഗ്രസ് എം നിലപാട് ശരിവയ്‌ക്കുന്നതാണ്.
കേരളത്തിൽ ജന്മിമാരാൽ കബളിപ്പിക്കപ്പെട്ട് മിച്ചഭൂമി വാങ്ങിയ ആയിരക്കണക്കിന് കർഷകരെ രക്ഷിക്കാൻ 2005ൽ കെ എം മാണി റവന്യൂമന്ത്രിയായിരുന്നപ്പോൾ ഭൂപരിഷ്‌കരണ നിയമം ഭേദഗതിചെയ്‌തിരുന്നു. അതുപോലെ, വഖഫ് നിയമത്തിൽ മുനമ്പത്തിനായി പ്രത്യേക ഭേദഗതി വരുത്തുകയോ വ്യവസ്ഥ ഉൾപ്പെടുത്തുകയോ ചെയ്യണമെന്നും ജോസ് കെ മാണി പറഞ്ഞു.









0 comments