ജൂപ് ഡി വിറ്റ് വീണ്ടുമെത്തി; പോരാട്ടങ്ങളുടെ മണ്ണിൽ

ജസ്ന ജയരാജ്
Published on Mar 14, 2025, 10:59 AM | 2 min read
കണ്ണൂർ: നാലുപതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂപ് ഡി വിറ്റിന്റെ ഉള്ളിൽ കരിവെള്ളൂരെന്ന സമരഭൂമികയുടെ ഉജ്വലഓർമകൾക്ക് പോറലേതുമേറ്റിരുന്നില്ല. ജ്വലിക്കുന്ന സമരവീര്യവും ആ നാടിന്റെ സ്‌നേഹവും വീണ്ടും അനുഭവിച്ചറിയാനാണ് നെതർലാൻഡിലെ സീനിയർ പ്രൊഫസറും റിസർച്ച് ഗൈഡുമായ ജൂപ് ഡി വിറ്റ് ചൊവ്വാഴ്‌ച വീണ്ടും കരിവെള്ളൂരിലെത്തിയത്.
1981 ജനുവരിയിലാണ് ‘കർഷകപ്രസ്ഥാനവും ഭൂപരിഷ്‌കരണവും കരിവെള്ളൂർ സമരത്തിന്റെ പശ്ചാത്തലത്തിൽ എന്ന ഗവേഷണപഠനത്തിനായി ആംസ്റ്റർഡാമിലെ വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നും ഇരുപത്തെട്ടുകാരനായ ജൂപ് ഡി വിറ്റ് എന്ന ജോ കരിവെള്ളൂരിലെത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം തലവൻ ഡോ. കെ കെ എൻ കുറുപ്പാണ് ജോയെ കരിവെള്ളൂരിലേക്കയച്ചത്. കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പുവിന്റെ വീടായ എ വി ഹൗസാണ് ആദ്യം സന്ദർശിച്ചത്. എ വി മരിച്ചിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ. എവി ഹൗസിന് സമീപത്തെ കെട്ടിടത്തിൽ താമസിച്ച ജോ പയങ്ങപ്പാടൻ കുഞ്ഞിരാമനും കെ കൃഷ്ണനും ഉൾപ്പടെയുള്ള പോരാളികളെ നേരിൽ കണ്ട് അഭിമുഖമെടുത്തു. വിവാഹങ്ങളിലും മരണചടങ്ങിലും ജാഥകളിലും വായനാശാല വാർഷികത്തിലും ജോ പങ്കാളിയായി. ഏഴുമാസത്തിനുശേഷമാണ് സ്വദേശത്തേക്ക് തിരിച്ചത്.
ജോ തയ്യാറാക്കിയ പഠനത്തിന്റെ ഒരു കോപ്പി കരിവെള്ളൂരിലെ ഏ വൺ ലൈബ്രറിയിൽ ഇപ്പോഴുമുണ്ട്. എ വിയുടെ മകൻ കരിവെള്ളൂർ മുരളി രചിച്ച ‘കരിവെള്ളൂർ’ എന്ന ഗ്രന്ഥത്തിനും അദ്ദേഹം എഡിറ്റ് ചെയ്‌ത സമര വാർഷിക സ്മരണികയ്‌ക്കും വഴികാട്ടിയായത് ഈ പഠനമാണ്. ചൊവ്വാഴ്‌ച പകൽ പയ്യന്നൂരിലെത്തിയ ജോ ആദ്യം അന്വേഷിച്ചത് എവിയുടെ കുടുംബാംഗങ്ങളെയാണ്. പുതിയ ബസ് സ്റ്റാൻഡിലെ കംഫർട്ട് ലോഡ്ജിലെ കരിവെള്ളൂർ സ്വദേശി മനുവിന് 43 വർഷം പഴക്കമുള്ള ഒരു ആൽബത്തിലെ ചിത്രങ്ങൾ അദ്ദേഹം കാണിച്ചു. മനുവാണ് എവിയുടെ മകൻ ബാലചന്ദ്രനെ വിളിച്ച് ജോ വന്ന കാര്യം അറിയിച്ചത്.
എവിയുടെ വീട്ടിലെത്തിയപ്പോൾ ഭാര്യ ദേവയാനിയെയാണ് ജോ ആദ്യം അന്വേഷിച്ചത്. മക്കളായ അഡ്വ. കെ വിജയകുമാർ, കരിവെള്ളൂർ മുരളി, കെ ബാലചന്ദ്രൻ, ജയദേവൻ കരിവെള്ളൂർ, മരുമക്കളായ കരിവെള്ളൂർ–- പെരളം പഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു, ടി കെ രാധാമണി, പി പി ലേഖ എന്നിവർ ഒപ്പമുണ്ടായി. കരിവെള്ളൂർ രക്തസാക്ഷി നഗറും കുണിയൻ സമര സ്മാരകവും സന്ദർശിച്ചു. കരിവെള്ളൂരിന്റെ ഐതിഹാസിക സമരപാരമ്പര്യത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ജോ ഇനിയും വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്.









0 comments