ദുരന്തബാധിതരെ ചേർത്തുനിർത്തും : പി എ മുഹമ്മദ് റിയാസ്
മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടൽ ; ദുരന്തബാധിതര്‍ക്ക് ഉത്തരവാദിത്വ ടൂറിസം തൊഴിൽ നൽകും

എസ് കിരൺബാബു
Published on Jul 03, 2025, 02:41 AM | 1 min read
തിരുവനന്തപുരം
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതിയുമായി ടൂറിസം വകുപ്പ്. ആദ്യഘട്ടത്തിൽ തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട 30 പേർക്ക് ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി പ്രത്യേക പരിശീലനം നൽകി തൊഴിൽ നൽകും. സുവനീർ, കരകൗശല വസ്തു നിർമാണം, കമ്യൂണിറ്റി ടൂർ ലീഡർ (ടൂർ ഗൈഡ്) എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിലാണ് തൊഴിൽ പരിശീലനം നൽകും.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരെ ചേർത്ത് ഉത്തരവാദിത്വ ടൂറിസം യൂണിറ്റ് രൂപീകരിക്കും. ഈ യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കാനായി 13.58 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചു. തൊഴിൽ പരിശീലനത്തിനായി ദുരിതബാധിതരിൽ നിന്നും പ്രത്യേകം അപേക്ഷ ക്ഷണിക്കും. വിദഗ്ധരായ ഏജൻസികളെ കൊണ്ടോ കഴിവുതെളിയിച്ച പുത്തൻ ആശയങ്ങളുള്ള വിദഗ്ധരെക്കൊണ്ടോ ആണ് പരിശീലനം നൽകുക.
ഈ ഏജൻസികളുടെ നേതൃത്വത്തിൽ തന്നെ ടൂറിസം ഉൽപന്നങ്ങൾ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യും. പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് രൂപീകരിച്ചതാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി.
ദുരന്തബാധിതരെ ചേർത്തുനിർത്തും : പി എ മുഹമ്മദ് റിയാസ്
മുണ്ടക്കൈ, ചൂരൽമലദുരന്ത ബാധിതരുടെ പുനരധിവാസം സർക്കാർ ഏറ്റവും പ്രാധാന്യത്തോടു കൂടിയാണ് കാണുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പുനരധിവാസത്തിന്റെ ഭാഗമായി ദുരന്ത ബാധിതർക്ക് ഉപകാരപ്രദമായവിധം തൊഴിൽ പരിശീലനം നൽകാനാണ് പദ്ധതി . മുഴുവൻ ദുരന്തബാധിതരേയും ചേർത്ത് നിർത്തി, ആവശ്യമായ സഹായം നൽകും. ടൂറിസം രംഗത്ത് സുവനീറുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിലൂടെ സംസ്ഥാനത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.









0 comments