നിയമമറിയുന്നവർ നീതി മറക്കുമ്പോൾ; അഡ്വക്കേറ്റ് ശ്യാമിലി ഉയർത്തുന്ന ചോദ്യങ്ങൾ

ടി എസ് ശ്രുതി
Published on May 21, 2025, 04:05 PM | 3 min read
'നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് മുഖത്തടിച്ചത്. ആദ്യ അടിയിൽ നിലത്തുവീണു. പിന്നീട് എണീറ്റ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടിക്കുകയായിരുന്നു. ഇതിനുമുമ്പും സർ ഇതുപോലെ പെരുമാറിയിട്ടുണ്ട്. ദേഷ്യം വന്നാൽ ഫയലുകൾ എടുത്ത് ദേഹത്തേക്കെറിയും.' ഓഫീസിൽ ജോലിക്കിടെ അഭിഭാഷകൻ ക്രൂരമായി മർദിച്ച ജെ വി ശ്യാമിലിയുടെ വാക്കുകളാണിത്.
തൊഴിലിടത്തെ സ്‌ത്രീ എക്കാലവും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജോലിചെയ്യേണ്ടി വരുന്നവർ, ലൈംഗികാതിക്രമങ്ങൾ, ആർത്തവ സമയത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സ്‌ത്രീകൾ തൊഴിലിടങ്ങളിൽ അനുഭവിക്കുന്നത്. എന്നാൽ സ്‌ത്രീകൾ നേരിടുന്ന ഈ പ്രശ്‌നങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ പരിഹാരം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ പൂർണമായും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അതിനൊരുദ്ദാഹരണമാണ് ജൂനിയർ അഭിഭാഷകയെ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മർദിച്ച സംഭവം.
ഇത്തരമൊരു സംഭവം ഉണ്ടായി രണ്ട് ആഴ്‌ചയോളം പിന്നിടുമ്പോൾ എന്തുമാറ്റമാണ് സമൂഹത്തിൽ, തൊഴിൽ ഇടങ്ങളിൽ സംഭവിച്ചത്? മാധ്യമങ്ങളടങ്ങുന്ന ഒരു വിഭാഗക്കാർ ബെയിലിൻ ദാസിന്റെ രാഷ്‌ട്രീയം അന്വേഷിച്ച് അലഞ്ഞ് ഇയാളെ ഏതു കൊടിയുടെ ലേബലിൽ ഉൾപ്പെടുത്തണമെന്ന തിരക്കിലായിരുന്നു. വക്കീലൻമാരിൽ ഒരു വിഭാഗമാകട്ടെ ബെയിലിൻ ദാസിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും. ദുർബലമായ ഒരു ബോഡിയായ ബാര്‍ അസോസിയേഷൻ ബെയ്‌ലിൻ ദാസിന്റെ ഓഫീസില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്നും മർദ്ദനത്തിനിരയായ ശ്യാമിലി ആരോപിക്കുന്നുണ്ട്. സർക്കാരും നിയമ സംവിധാനവും ഇത്തരമൊരു സംഭവത്തിൽ കൃത്യമായ നിലപാടെടുത്ത് തുടക്കം മുതലേ ശ്യാമിലിയുടെ ഒപ്പം തന്നെയുണ്ട്. വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.
ഇത്തരത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ഈ വിഷയം സമൂഹത്തിൽ ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്. അത് സ്‌ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മാത്രമല്ല. മറിച്ച് വക്കീലുമാർ നേരിടുന്ന വെല്ലുവിളികൾ കൂടിയാണ്. അഭിഭാഷക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലേയ്ക്കാണ് ശ്യാമിലിയ്ക്ക് നേരിടേണ്ടി വന്ന അതിക്രമം നമ്മെ കൊണ്ടെത്തിക്കുന്നത്. ഓരോ വർഷവും നിരവധി നിയമ വിദ്യാർഥികളാണ് പഠിച്ചിറങ്ങുന്നത്. സമൂഹത്തിൽ നിയമാവബോധമുള്ളവർ ഉണ്ടാകുക എന്നത് പുരോഗമനത്തിന്റെ ലക്ഷ്യം തന്നെയാണ്. എന്നാൽ പഠിച്ചിറങ്ങുന്നവരെയെല്ലാം ന്യായമായ രീതിയിൽ വേതനം ലഭിക്കുന്ന രീതിയിൽ "പുനരധിവസിപ്പിക്കാൻ' സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമായി നിൽക്കുന്നു. കേസുകളുടെ എണ്ണം കുറഞ്ഞുവരികയും അഭിഭാഷകരുടെ എണ്ണം കൂടി വരികയും ചെയ്യുന്ന ഇക്കാലത്ത് സുരക്ഷിതമായൊരും തൊഴിൽ ഇടം ഇവർക്കെങ്ങനെ ഒരുക്കിക്കൊടുക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അഭിഭാഷകർ നേരിടുന്ന പ്രശ്‌നങ്ങൾ
നിയമപഠനം പൂർത്തിയാക്കി വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് തുച്ഛമായ വേതനത്തിൽ ജോലിചെയ്യുക എന്നത്. 3000 രൂപമുതൽ 15000 രൂപ വരെയാണ് ലഭിക്കുന്ന മിനിമം വേതനം. അതുകൂടാതെ സീനിയർ അഭിഭാഷകരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങൾ വേറെയും. സീനിയർ അഭിഭാഷകരുടെ ഇഷ്‌ടങ്ങൾക്കും താത്‌പര്യങ്ങൾക്കും അനുസരിച്ച് ജോലി ചെയ്യേണ്ടി വരിക, 12-14 മണിക്കൂർ ജോലി, അഭിഭാഷകനോട് എതിർത്ത് സംസാരിച്ചാലോ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാലോ മറ്റുള്ള അഭിഭാഷകരുടെ ഒപ്പം പ്രാക്‌ടീസ് ചെയ്യാൻ അനുവദിക്കാതിരിക്കുക, സീനിയർമാരുടെ ഇഷ്ടത്തിനനുസരിച്ച് കേസുകൾ കൊടുക്കുക മുതലായ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. 2024-ലെ ഒരു സർവേ പ്രകാരം, ജൂനിയർ അഭിഭാഷകരിൽ 72%-ത്തിലധികം പേരും പ്രതിമാസം 20,000- രൂപയിൽ താഴെയാണ് ശമ്പളം വാങ്ങുന്നത്. അതേസമയം ഏകദേശം 50% പേരാണ് സാമ്പത്തിക അസ്ഥിരത കാരണം ഈ തൊഴിൽ ഉപേക്ഷിക്കുന്നത്.
എങ്ങനെ അവസരങ്ങൾ ഒരുക്കാം
നിയമപഠനം കഴിഞ്ഞിറങ്ങുന്നവർക്ക് അവസരങ്ങൾ ഒരുക്കേണ്ടത് സമൂഹമാണെന്നാണ് അഡ്വക്കറ്റ് സി ആർ അജയകുമാറിന്റെ അഭിപ്രായം. സ്‌കൂളുകൾ, കലാലയങ്ങൾ, ആശുപത്രികൾ, മറ്റു തൊഴിൽ ഇടങ്ങൾ, വ്യവസായ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ നിയമസഹായ വേദികൾ രൂപപ്പെടണം. യുവ അഭിഭാഷകർക്ക് ഇവിടെ ജോലിചെയ്യാനാകണം. സമൂഹത്തിനെ ശാക്തീകരിക്കുന്ന വിവിധ ഏജൻസികളിൽ, നിയമബോർഡുകൾ യുവ അഭിഭാഷകരുടെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെടണം. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് എംഎസ്ഡബ്ലിയു ബിരുദം പോലെ തന്നെ എൽഎൽബിയും ബിരുദമവും യോഗ്യതയായി മാറണം. കുടുംബശ്രീകളിലും തൊഴിലുറപ്പിലും പഞ്ചായത്തുകളിലും ബ്ലോക്കുകളിലും നിയമസഹായ വേദികൾ രൂപപ്പെടണം. അങ്ങനെയാണെങ്കിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന അസമത്വങ്ങൾക്കും നീതികേടുകഹക്കുമുള്ള പരിഹാരമാകും. സ്‌കൂൾ കാലം മുതലേ കുട്ടികൾക്ക് നിയമത്തിന്റെ പിന്തുണ ലഭിക്കുകയാണെങ്കിൽ അത് അവരുടെ വളർച്ചാ ഘട്ടത്തിൽ ക്രിയാത്‌മകമായ ഇടപെടലുകൾ നടത്തും. നിയമബോധമുള്ള തലമുറയെ വളർത്തിയെടുക്കാൻ സഹായിക്കും. ഈ നിയമ, നീതി ബോധം ജീവിതത്തിലുടനീളം അവരെ സഹായിക്കും. തുടർന്ന് കോളേജിലും ജോലി സ്ഥലങ്ങളിലും തുടങ്ങി നിയമത്തിന്റെ സഹായം ലഭിച്ചുതുടങ്ങിയാൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഫലപ്രദമാകും. നിയമമറിയുന്ന ജനത, നീതിബോധമുള്ള പൗരരാണ് ഒരു സമൂഹത്തെ നിർവചിക്കുന്നത്. നിയമമറിയുന്ന നിയമജ്ഞരിൽ നിന്ന് വരും അഭിഭാഷക വിദ്യാർഥികളെ രക്ഷിക്കാനാകും അതോടൊപ്പം തന്നെ നിയമ സാക്ഷരരായ ഒരു പുരോഗമന സമൂഹത്തെ നിർമിക്കാനും സഹായിക്കും.









0 comments