അന്വേഷണം തുടങ്ങി
മൃതദേഹം കണ്ടെത്തിയത് ഇഞ്ചപ്പടര്‍പ്പില്‍, സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു; കൂട്ടിരിപ്പിനെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത

ജിത്തു റോബി
പാലാ: ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ പാലാ ളാലം തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ 19നാണ് തോട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ബൈക്ക് പാലാ ബിവറേജസ് ഷോപ്പിന് പിന്നില്‍ തോടിന്റെ തീരത്ത്നിന്ന് കണ്ടെടുത്തു. എന്നാൽ ജിത്തു ധരിച്ചിരുന്ന സ്വർണമാലയും മോതിരവും നഷ്ടപ്പെട്ടതായാണ് വിവരം.
ജിത്തു റോബി ആരുടെ കൂടെയാണ് തോടിന്റെ തീരത്തേക്ക് പോയതെന്നാണ് അന്വേഷിക്കുന്നത്. ജിത്തുവിനൊപ്പമുണ്ടായെന്ന് കരുതുന്ന ചിലരെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. തോടിന്റെ തീരത്തിരുന്ന് ജിത്തു ചിലരോടൊപ്പം മദ്യപിച്ചതായി പൊലീസ് പറയുന്നു. മുങ്ങി മരിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ചെത്തിമറ്റം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് പാലാ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന്റെ അടുത്ത് കഴിഞ്ഞ 14ന് പകൽ മൂന്നിന് ജിത്തു എത്തിയിരുന്നു. വൈകിട്ട് 7.45ന് പാലായ്ക്ക് പോയ ജിത്തുവിനെ പിന്നീട് കാണാതാവുകയായിരുന്നു.









0 comments