മുസ്ലിം ലീഗിന്റെ എതിർപ്പ് തള്ളി ; വഖഫ് സംരക്ഷണസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് ജിഫ്രി മുത്തുക്കോയ തങ്ങൾ

ജം ഇയ്യത്തുൽ ഉലമ കോ–-ഓർഡിനേഷൻ സംഘടിപ്പിച്ച ഭരണഘടന വഖഫ് സംരക്ഷണ സമ്മേളനം സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി :
ജം ഇയ്യത്തുൽ ഉലമ കോ–-ഓർഡിനേഷൻ സംഘടിപ്പിച്ച ഭരണഘടന–-വഖഫ് സംരക്ഷണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലിം ലീഗ് എതിർപ്പിനെത്തുടർന്ന് തങ്ങൾ സമ്മേളനം ഉദ്‌ഘാടനം ചെയ്യില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഓൺലൈൻവഴി ഉദ്‌ഘാടനം ചെയ്‌തു.
നേരിട്ട് പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെന്നും ഒഴിവാക്കാൻ കഴിയാത്ത അനുസ്‌മരണച്ചടങ്ങുള്ളതിനാലാണ് എത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സുപ്രീംകോടതിവിധി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കാത്തതിനാൽ ലീഗ് അനുകൂലികളുടെ സമ്മർദം കാരണം മുത്തുക്കോയ തങ്ങൾ പരിപാടിയിൽനിന്ന് പിന്മാറിയെന്നായിരുന്നു പ്രചാരണം.
കലൂർ സ്‌റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഐ ബി ഉസ്മാൻ ഫൈസി അധ്യക്ഷനായി. ഉമർ ഫൈസി മുക്കം, കെ പി മുഹമ്മദ് തൗഫീഖ് മൗലവി, സയ്യിദ് ടി എസ് സലാഹുദ്ദീൻ ബുഖാരി, അബൂബക്കർ മൗലവി എന്നിവർ സംസാരിച്ചു. സയ്യിദ് സി ടി ഹാഷിം തങ്ങൾ ഭരണഘടനയുടെ ആമുഖം വായിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ, സമസ്ത (കാന്തപുരം വിഭാഗം), സമസ്ത (ഇ കെ വിഭാഗം), സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടനകളാണ് കോ–-ഓർഡിനേഷനിലുള്ളത്.









0 comments