സാമ്പത്തിക തർക്കത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: രാമപുരത്ത് ജ്വല്ലറി ഉടമ മരിച്ചു

അശോകൻ (ഇടത്), തുളസീദാസ് (വലത്)
പാലാ: രാമപുരത്ത് ജ്വല്ലറിയിൽ കയറി തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്ഥാപന ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (55) മരിച്ചത്. എൺപത്തഞ്ച് ശതമാനം പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അശോകൻ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഉമാദേവി (പാലക്കാട് തത്തമംഗലം അനുഗ്രഹയിൽ കുടുംബാംഗം) മക്കൾ: അമൽ കൃഷ്ണ, അനന്യകൃഷ്ണ.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാമപുരം ഇളംതിരുത്തിയിൽ തുളസീദാസിനെ (ഹരി 59) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഞായറാഴ്ച മെജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനിരിക്കെയാണ് അശോകൻ മരിച്ചത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാകും കോടതിയിൽ ഹാജരാക്കുകയെന്ന് രാമപുരം പൊലീസ് അറിയിച്ചു.
ശനി രാവിലെ 10നായിരുന്നു സംഭവം. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന തുളസീദാസ് അശോകന്റെ രാമപുരത്തെ വീടിന് സമീപം കെട്ടിടം നിർമ്മിച്ചതിൻ്റെ പണം നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതേ കെട്ടിടം വാടകയ്‌യ്‌ക്ക് എടുത്ത് തുളസീദാസ് ഹാർഡ്‌വെയർ സ്ഥാപനം നടത്തിയിരുന്നു. അശോകൻ കരാർ വ്യവസ്ഥകൾ ലംഘിച്ചതോടെ തുളസീദാസ് സ്ഥാപനം നിർത്തി. പിന്നീട് കെട്ടിടം നിർമ്മിച്ചതിന്റെ പണം ആവശ്യപ്പെട്ട് പലതവണ സമീപിച്ചെങ്കിലും കിട്ടാതായതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്.
ഇതു സംബന്ധിച്ച് രാമപുരം പൊലീസിൽ പരാതിയും പാലാ കോടതിയിൽ സിവിൽ കേസുകളും നടന്നുവരികയാണ്. ഇതിനിടെ തുളസീദാസ് പിഴക് ഭാഗത്ത് കടമുറിയോട് കൂടിയ ഇരുനില വീട് വാടകയ്ക്ക് എടുത്ത് കച്ചവടം ആരംഭിക്കാൻ നീക്കം തുടങ്ങി. ഇത് അശോകൻ തടസപ്പെടുത്തിയത് അറിഞ്ഞ തുളസീദാസ് ശനി രാവിലെ ജ്വല്ലറിയിൽ എത്തി കൈയിൽ കരുതിയ പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു.









0 comments