തെരഞ്ഞെടുപ്പിന് മുൻപേ വെൽഫെയർ പാർടിയെ യുഡിഎഫിലെടുക്കും? ബന്ധം നിഷേധിക്കാതെ അടൂര്‍ പ്രകാശ്

കോഴിക്കോട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയെ മുന്നണിയിൽ എടുക്കാനുള്ള നീക്കം നിഷേധിക്കാതെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപായി എല്ലാ പ്രസ്ഥാനങ്ങളുമായും യോജിച്ച് പോകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. അത് കഴിഞ്ഞാൽ ഉടൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പും വരും. സഹകരിക്കാനാകുന്ന എല്ലാ കക്ഷികളുമായും സഹകരിക്കും- അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിട്ട് പറയാമെന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിന് ജമാഅത്തെ ഉൾപ്പെടെ മുസ്ലിം മതമൗലികവാദ സംഘടനകളെ പരസ്യമായി കൂട്ടുപിടിച്ചാണ് യുഡിഎഫ് പ്രവർത്തനം. ജമാഅത്തെ ഇസ്ലാമി വിഷയങ്ങൾ ഏറ്റുപിടിക്കുന്ന ലീഗ് ഇസ്ലാം മതവിശ്വാസികൾക്കിടയിൽ തീവ്ര മതനിലപാടുകള്‍ വളരാന്‍ അവസരം ഒരുക്കുന്നുവെന്ന വിമർശവും ശക്ത മാണ്. ലീഗ് അനുകൂല സംഘടനയായ സമസ്‌ത കേരള ജംഇയത്തുൽ ഉലമ (ഇ കെ വിഭാഗം) ഉൾപ്പെടെ വിവിധ മതസംഘടനകൾ ഇതിനെതിരെ നിരവധി തവണ പരസ്യ നിലപാടെടുത്തിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ തുറന്ന സഖ്യം മതനിരപേക്ഷതയ്‌ക്ക് അപകടമാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. ആർഎസ്‌എസും ജമാഅത്തെ ഇസ്‌ലാമിയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം എന്നിവയ്‌ക്കെല്ലാം രണ്ടും എതിരാണ്. സംഘപരിവാറിന്റെ മതരാഷ്‌ട്രവാദത്തെ പരാജയപ്പടുത്തണമെങ്കിൽ ജമാ അത്തെ ഇസ്‌ലാമി മുന്നോട്ടുവയ്‌ക്കുന്ന ഇസ്‌ലാമിക രാഷ്‌ട്രവാദത്തെയും നേരിടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് അബുൽ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാൻ യുവജന വിഭാഗമായ സോളിഡാരിറ്റി രംഗത്തെത്തിയതിനെച്ചൊല്ലി യുഡിഎഫിൽ വിവാദം കത്തുകയാണ്. ജമാഅത്തെ ഇസ്‌ലാമിയെ മുന്നണിയിലെടുക്കാൻ ചർച്ച പുരോഗമിക്കുന്നതിനിടെ മൗദൂദിയൻ ആശയ പ്രചാരണവുമായി യുവജന സംഘടന നേരിട്ട് രംഗത്തിറങ്ങിയതാണ് മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയത്. ‘സയ്യിദ് മൗദൂദിയും ശൈഖ് ഖറദാവിയും: ഇസ്‌ലാമിക രാഷ്‌ട്രീയ ചിന്തയും വികാസവും' എന്ന വിഷയത്തിലാണ് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി വെള്ളിയാഴ്‌ച സംവാദം സംഘടിപ്പിച്ചത്. സംവാദത്തിന്റെ ചിത്രങ്ങൾപോലും പുറത്തുവിട്ടില്ല. ജമാഅത്തെ മുഖപത്രമായ ‘മാധ്യമ’ത്തിൽ വാർത്ത നൽകാനോ വിവാദത്തോട് നേതാക്കൾ പ്രതികരിക്കാനോ തയ്യാറായില്ല.
തീവ്ര മതവാദ നിലപാട് ഉയർത്തിപ്പിടിച്ച ഇൗജിപ്‌ഷ്യൻ ബ്രദർഹുഡ് നേതാവാണ് ഖറദാവി. മൗദൂദി ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി തീവ്ര നിലപാട് സ്വീകരിക്കുന്ന ബ്രദർഹുഡ് നേതാക്കളുടെ ആശയധാരയാണ് പിൻപറ്റുന്നത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ഇവർ അടുത്തകാലംവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും സമ്മതിദാനാവകാശം രേഖപ്പെടുത്തുകയും സർക്കാർ ജോലി സ്വീകരിക്കുകയും ചെയ്‌തിരുന്നില്ല. പിന്നീട് ഇതെല്ലാം തിരുത്തി. തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്നവർ അടുത്തിടെ യുഡിഎഫിന്റെ ഭാഗമായി. കഴിഞ്ഞ രണ്ട് പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ഘടകകക്ഷിയെപ്പോലെയാണ് പ്രവർത്തിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു.









0 comments