നിലമ്പൂരിലെ പിന്തുണയ്‌ക്ക്‌ പ്രത്യുപകാരം: ജമാഅത്തെ ഇസ്ലാമിയുടെ പാർടിക്ക്‌ യുഡിഎഫ്‌ അംഗത്വം

welfare party udf
avatar
പി വി ജീജോ

Published on Jun 10, 2025, 12:00 AM | 1 min read

നിലമ്പൂർ: മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി മുന്നണി ബന്ധത്തിന്‌ യുഡിഎഫ്‌ ധാരണ. ഇതനുസരിച്ച്‌ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടിക്ക്‌ യുഡിഎഫിൽ അസോസിയേറ്റ്‌ അംഗത്വം നൽകും. നിലമ്പൂരിൽ യുഡിഎഫിന്‌ പിന്തുണ നൽകുന്നതിന്‌ പ്രത്യുപകാരമാണ്‌ അസോസിയേറ്റ്‌ അംഗത്വം.


പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സഹകരിക്കാവുന്ന കക്ഷിയായി മുന്നണിയോഗങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളിയാക്കും. പഞ്ചായത്ത്‌–-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷിക്ക്‌ തുല്യപരിഗണനയിൽ സീറ്റും നൽകും. ധാരണയെക്കുറിച്ച്‌ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വെൽഫെയർ പാർടി നേതാക്കൾ വിസമ്മതിച്ചു. അതേസമയം കോൺഗ്രസ്‌ നേതാക്കളുമായി ചർച്ച നടത്തിയത്‌ നിഷേധിച്ചില്ല.


ജമാഅത്തെ ഇസ്ലാമി നേതാക്കളുമായടക്കം കൂടിയോലോചിച്ചാണ്‌ യുഡിഎഫ്‌ നേതൃത്വം അസോസിയേറ്റ്‌ അംഗത്വം അംഗീകരിച്ചത്‌. പി വി അൻവർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അംഗത്വം നിഷേധിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌ ജമാഅത്തെയുമായുള്ള ധാരണയ്‌ക്ക്‌ മുൻകൈയെടുത്തത്‌. സംഘപരിവാറിന്റെ ഇസ്ലാംപതിപ്പായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയാടിത്തറ മതമൗലികവാദവും വർഗീയതയുമാണ്‌. ഇവരുടെ പിന്തുണ സ്വീകരിക്കുന്നതിലും വെൽഫെയർ പാർടിക്ക്‌ അസോസിയേറ്റ്‌ അംഗത്വം നൽകുന്നതിലും ഒരുവിഭാഗം കോൺഗ്രസ്‌–- മുസ്ലിംലീഗ്‌ നേതാക്കൾക്ക്‌ എതിർപ്പുണ്ട്‌.


ഇതേച്ചൊല്ലിയുള്ള ഭിന്നത നിലമ്പൂർ ഫലത്തെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ വെൽഫെയർ പാർടിക്ക്‌ നൽകിയ വാഗ്‌ദാനം പരസ്യപ്പെടുത്താത്തത്‌. യുഡിഎഫിന്‌ പിന്തുണ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ നിരുപാധിക പിന്തുണ നൽകുമെന്ന്‌ വെൽഫെയർ പാർടി പ്രഖ്യാപിച്ചു. യുഡിഎഫ്‌ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്‌ നേരത്തെ പറഞ്ഞകാര്യങ്ങൾ ഇപ്പോൾ പരിഗണനാവിഷയമല്ല. 2019നുശേഷം അദ്ദേഹം പാർടിയെ വിമർശിച്ചിട്ടില്ല. യുഡിഎഫിൽ അസോസിയേറ്റ്‌ അംഗത്വം ലഭിക്കുന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home