ജെയ്‌നമ്മ വധക്കേസ് ; സെബാസ്‌റ്റ്യൻ സൈക്കോ ക്രിമിനലെന്ന് ക്രൈംബ്രാഞ്ച്

ചേര്‍ത്തല
ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മ വധക്കേസിൽ ജയിലിൽ കഴിയുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യൻ സ്‌ത്രീകളെ വലയിലാക്കി കൊല്ലുന്ന സൈക്കോ ക്രിമിനലെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്.
ജെയ്‌നമ്മ വധത്തിൽ സെബാസ്‌റ്റ്യനെതിരെ കൃത്യമായ തെളിവ് ലഭിച്ചു. ചേർത്തലക്കാരായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനത്തിന് പിന്നിലും ഇയാളാണെന്ന് അന്വേഷകസംഘം ഉറപ്പിക്കുന്നു. പക്ഷെ വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് പ്രതിസന്ധി.
കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘങ്ങൾ അന്വേഷിക്കുന്ന തിരോധാനക്കേസുകൾ എഡിജിപി നേരിട്ട് വിലയിരുത്തുന്നുണ്ട്. ഇയാള്‍ ഒറ്റയ്‌ക്കാണ് കൊലപാതകം ചെയ്‌തതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. പലഘട്ടങ്ങളിൽ മണിക്കൂറുകൾനീണ്ട ശാസ്‌ത്രീയ ചോദ്യംചെയ്യലില്‍ ഇയാളില്‍നിന്ന് നിര്‍ണായകവിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
2024 ഡിസംബറില്‍ ജെയ്‌നമ്മയെ കാണാതായതുമുതലുള്ള മുഴുവൻ ഫോണ്‍വിളിയും ക്രൈംബ്രാഞ്ച് പരിശോധിച്ചു.
കുത്തിയതോട് സ്വദേശിനിയായ വിധവയെ ഇയാൾ ലക്ഷ്യമിട്ടെന്ന വിവരം അതുവഴിയാണ് ലഭിച്ചത്. കലവൂരിലെ ധ്യാനകേന്ദ്രത്തില്‍ സെബാസ്‌റ്റ്യൻ പരിചയപ്പെട്ട വിധവ തനിച്ചാണ് താമസം. പശുവിനെ വാങ്ങാനെന്ന വ്യാജേനയാണ് സെബാസ്‌റ്റ്യൻ ഇവരെ സമീപിച്ചത്. വലയിലാക്കാന്‍ ഇയാൾ ഉപായങ്ങൾ പലത് പ്രയോഗിച്ചു. പക്ഷെ അവർ കെണിയിൽപ്പെട്ടില്ല.
കഴിഞ്ഞദിവസം കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സൈക്കോ ക്രിമിനലാണ് ഇയാളെന്ന സംശയത്തിന് ബലമേകുന്ന വിവരങ്ങളാണ് തുടരെ ലഭിക്കുന്നത്.









0 comments