സെബാസ്റ്റ്യന്റെ വീട്ടിൽ തെളിവെടുപ്പ് ഇന്ന്
ദുരൂഹത ഉറങ്ങുന്ന ചങ്ങത്തറ വീട് ; സെബാസ്റ്റ്യന്റെ ജീവിതവും അടിമുടി ദുരൂഹം

ടി പി സുന്ദരേശൻ
Published on Aug 04, 2025, 12:28 AM | 2 min read
ചേർത്തല
അടിമുടി ദുരൂഹത നിറഞ്ഞതാണ് ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ വധക്കേസിൽ അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ ജീവിതവും വീടും. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിൽ സെബാസ്റ്റ്യന്റെ ചങ്ങത്തറ വീട്. രണ്ട് സ്ത്രീകളുടെ തിരോധാനക്കേസിൽ പൊലീസ് തെളിവുതേടി ഇവിടെയാണ് എത്തിയത്. തെളിവെടുപ്പിന് കോട്ടയം ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി ഞായറാഴ്ച വീണ്ടും എത്തും.
വിവാഹിതനെങ്കിലും ഒറ്റയാന് സമാന ജീവിതം
കോടികളുടെ സ്വത്തിനുടമ കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 2018ൽ ആണ് ഇവിടെ പൊലീസിനെ നാട്ടുകാർ ആദ്യം കാണുന്നത്. ഇപ്പോൾ ജെയ്നമ്മയുടെ തിരോധാനത്തിൽ വീണ്ടും ഇൗ വീട് കുപ്രസിദ്ധമായി. വിവാഹിതനും 11 വയസുള്ള പെൺകുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റ്യനെങ്കിലും ഒറ്റയാന് തുല്യമാണ് ജീവിതം.
ഭാര്യയെയും മകളെയും നാട്ടുകാർ വീട്ടിൽ അവസാനം കണ്ടത് അഞ്ച് വർഷംമുമ്പാണ്. ഏറ്റുമാനൂരിലെ വീട്ടിലാണ് അവരുടെ താമസം. ലോഡ്ജ് മുറിയെടുത്ത് താമസിക്കുക ശീലമാക്കിയ സെബാസ്റ്റ്യൻ വീട്ടിലും എത്താറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പലയിടങ്ങളിൽനിന്നും എത്തുന്നവർ ഇവിടെ ഒത്തുകൂടാറുണ്ടായിരുന്നെന്നും അവർ പറഞ്ഞു.
നുണപരിശോധനയ്ക്ക് തയ്യാറല്ല
ബിന്ദു മൊബൈൽഫോൺ ഉപയോഗിക്കാതിരുന്നതും സെബാസ്റ്റ്യൻ നുണപരിശോധനയ്ക്ക് വിസമ്മതിച്ചതും കാരണം തെളിവ് ശേഖരിക്കാനാകാതെ അന്വേഷണം പ്രതിസന്ധയിയിലായി. അതിനിടെയാണ് ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവും അന്വേഷണവും. ജെയ്നമ്മ മൊബൈൽഫോൺ ഉപയോഗിച്ചിരുന്നത് കാരണമാണ് സെബാസ്റ്റ്യനിലേക്ക് അന്വേഷണം എത്തിയത്.
കൊലപാതകക്കേസിൽ കൂടുതൽ തെളിവ് സമാഹരിക്കാനാണ് ഞായറാഴ്ച വിപുലമായ പരിശോധന നടക്കുക. അതിനിടെ വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യനാണെന്ന സൂചന ശക്തമാണ്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് ഐഷ തിരോധാനം അന്വേഷിക്കുന്നത്. ബിന്ദു പത്മനാഭൻ തിരോധാനം അന്വേഷിക്കുന്നത് സംസ്ഥാന ക്രൈംബ്രാഞ്ചാണ്.
സെബാസ്റ്റ്യന്റെ വീട്ടിൽ തെളിവെടുപ്പ് ഇന്ന്
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ വധക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിലെ ഞായറാഴ്ചത്തെ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സെബാസ്റ്റ്യനെ വിശദമായി ചോദ്യംചെയ്തെന്നാണ് വിവരം. വീട്ടിലെ തെളിവെടുപ്പിന് സഹായകമായ വിവരങ്ങൾ ലഭിക്കാനായിരുന്നു ചോദ്യംചെയ്യൽ. സമഗ്രപരിശോധനയ്ക്കാണ് അന്വേഷകസംഘം തയ്യാറെടുക്കുന്നത്. വീട് കനത്ത പൊലീസ് സുരക്ഷയിലാക്കി. മുഴുവൻ സമയം പൊലീസ് കാവൽ ഏർപ്പെടുത്തി. പരിശോധനയ്ക്ക് മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിക്കും.
ജെയ്നമ്മയെ കൊന്ന് സ്വർണാഭരണങ്ങളും മൊബൈൽഫോണും സെബാസ്റ്റ്യൻ കൈക്കലാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അത് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും മൊഴിയും ശേഖരിച്ചാണ് സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തിയത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ ശരീരാവശിഷ്ടം കണ്ടെത്തുകയുംചെയ്തു. റിമാൻഡിലായ സെബാസ്റ്റ്യനെ കസ്റ്റഡിയിൽവാങ്ങിയ ക്രൈംബ്രാഞ്ച് ശനിയാഴ്ച ചേർത്തലയിൽ എത്തിച്ച് നിർണായകമായ കൂടുതൽ തെളിവുകൾ ശേഖരിച്ചു. ജെയ്നമ്മയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ ചേർത്തല നഗരത്തിലെ ജ്വല്ലറിയിൽനിന്ന് വീണ്ടെടുത്തു. ആഭരണം വിൽക്കുംമുമ്പ് പണയംവച്ച സ്ഥാപനങ്ങളിൽനിന്നും തെളിവ് ശേഖരിച്ചു. ശേഷമാണ് പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കുന്നത്.









0 comments