എമ്പുരാനിൽ പ്രതികാരനടപടി തുടരുന്നു
നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികൾ ; പൃഥ്വിരാജിന് ആദായനികുതിവകുപ്പ് നോട്ടീസ്

കൊച്ചി : ഗുജറാത്ത് കലാപം ഓർമിപ്പിച്ച ‘എമ്പുരാൻ’ സിനിമയുടെ പ്രവർത്തകർക്ക് എതിരെ കേന്ദ്ര ബിജെപി സർക്കാരിന്റെ പ്രതികാര നടപടികൾ തുടരുന്നു. സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) ലംഘനത്തിൽ കുടുക്കിയതിനു പിന്നാലെ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന് ആദായനികുതിവകുപ്പ് നോട്ടീസ് നൽകി. 2022ൽ പൃഥ്വിരാജ് അഭിനയിച്ച കടുവ, ജനഗണമന, ഗോൾഡ് എന്നീ മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമാതാവ് എന്നനിലയിൽ 40 കോടിയോളം സ്വന്തമാക്കിയെന്നാണ് ആദായനികുതിവകുപ്പ് കണ്ടെത്തൽ.
‘എമ്പുരാൻ’ സിനിമയ്‌ക്കെതിരെ സംഘപരിവാർ സംഘടനകൾ ഭീഷണി ആരംഭിച്ചശേഷം 29നാണ് കൊച്ചി ആദായനികുതി ഓഫീസ് ഇ–-മെയിൽ നോട്ടീസ് അയച്ചതെന്നത് ശ്രദ്ധേയമാണ്. അതേസമയം, സ്വാഭാവികനടപടിയെന്നാണ് ആദായനികുതിവകുപ്പിന്റെ വിശദീകരണം. അഭിനേതാവ് എന്നനിലയിൽ പണം വാങ്ങുമ്പോൾ നികുതി കൂടുതലാണ്. സഹനിർമാതാവ് എന്നനിലയിൽ വരുമാനത്തിന്റെ നികുതി കുറവായിരിക്കും. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയതെന്ന് ആദായനികുതിവകുപ്പ് വിശദീകരിക്കുന്നു.









0 comments