അതൃപ്തി പുകയുന്നു; കൊടിക്കുന്നിലിന്റെ പരാമർശം തള്ളി ഒരു വിഭാഗം: നേതാക്കൾ വിട്ടുനിന്നത് ചർച്ചയാകുന്നു

ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് പറഞ്ഞ് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഭിന്നിപ്പിന്റെ കാഹളമാണ് കെപിസിസിയിൽ മുഴങ്ങുന്നത്.
തിരുവനന്തപുരം : വിവാദങ്ങൾക്കും നാടകീയതയ്ക്കുമൊടുവിൽ കെപിസിസിക്ക് പുതിയ അധ്യക്ഷനെത്തിയിട്ടും അടി തീരാതെ കോൺഗ്രസ്. മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കം പ്രകടമായി തുടരുന്നതിന്റെ ഉദാഹരണമായി പുതിയ സംഭവങ്ങളാണ് വെളിവാകുന്നത്. നേതൃമാറ്റത്തിനു പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ കൊടിക്കുന്നിലിന്റെ അഭിപ്രായത്തെ തള്ളി മറ്റ് നേതാക്കൾ രംഗത്തെത്തി. അഭിപ്രായ ഭിന്നതയുണ്ടെങ്കിസ്‍ കൊടിക്കുന്നിൽ നേരിട്ട് എഐസിസിയെ അറിയിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻമാർ ഉണ്ടായിട്ടില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനം.
അതൃപ്തികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ ദളിത് വിഭാഗത്തിൽ നിന്നാണെന്നു പറഞ്ഞ് പറഞ്ഞ് എം എം ഹസനും കൊടിക്കുന്നിലിനെ തള്ളി. കേരളത്തിൽ എല്ലാ കാലത്തും കോൺഗ്രസിൽ ദളിത് പ്രാതിനിധ്യം കൂടുതൽ ഉണ്ടായിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. എന്നാൽ പുതിയ പ്രസിഡന്റ് ചുമതലയേറ്റ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പലരും വിട്ടുനിന്നതോടെ അതൃപ്തി പ്രകടമായി തന്നെ വ്യക്തമായി. സുധാകരനടക്കമുള്ള മുതിർന്ന നേതാക്കളിൽ പലരും ചടങ്ങിൽ പങ്കെടുക്കാഞ്ഞത് പുതിയ നേതൃത്വത്തോടുള്ള അതൃപ്തി കാരണമാണെന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ നേതാക്കൻമാരെല്ലാം തിരക്കുള്ളവരാണെന്നും അതിനാലാണ് വരാഞ്ഞതെന്നുമാണ് ഹസൻ അടക്കമുള്ള നേതാക്കളുടെ ന്യായീകരണം. സുധാകരന് തന്നോട് പ്രശ്നമില്ലെന്നും തലയിൽ കൈവച്ച് അനഗ്രഹിച്ചാണ് യാത്രയാക്കിയതെന്നും സണ്ണി ജോസഫും പ്രസ്താവനയിറക്കി.
Related News
എങ്കിലും കോൺഗ്രസ് പുനഃസംഘടനയിലും നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത് വീണ്ടും കല്ലുകടിയായി. ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ അധ്യക്ഷൻമാരടക്കമുള്ളവർ പങ്കെടുക്കുന്നില്ല. മനസില്ലാമനസോടെയാണ് സുധാകരൻ നേതൃസ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തമാക്കുന്നതായിരുന്നു നേതാക്കളുടെ പ്രസ്താവനകൾ. വി എം സുധീരൻ, കെ മുരളീധരൻ, കെ സുധാകരൻ എന്നീ നേതാക്കൾ ചർച്ചയിക്ക് എത്തിയിട്ടില്ല. മുൻ അധ്യക്ഷൻമാരെന്ന നിലയിൽ രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് ചർച്ചയ്ക്കെത്തിയിട്ടുള്ളത്. കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റവും പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ വേണ്ടിയാണ് ഹൈക്കമാൻഡ് യോഗം വിളിച്ചത്.
നേതൃമാറ്റത്തിലെ അതൃപ്തിയാണ് കാരണമെന്ന് വ്യക്തമാണ്. ചിലരുടെ തീരുമാനങ്ങൾ പ്രകാരമാണ് അധ്യക്ഷനെ തീരുമാനിച്ചതെന്നാണ് ഉയരുന്ന വിമർശനം. ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് പറഞ്ഞ് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഭിന്നിപ്പിന്റെ കാഹളമാണ് കെപിസിസിയിൽ മുഴങ്ങുന്നത്. കെ സി വേണുഗോപാൽ തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് ഭൂരിഭാഗവും പരാതി ഉന്നയിക്കുന്നത്. യുഡിഎഫ് കൺവീനറെ മാറ്റിയത് പൊടുന്നനെയുള്ള തീരുമാനമാണെന്നും ചർച്ചയില്ലാതെ നടത്തിയതാണെന്നുമാണ് വിമർശനം. കെ സി വേണുഗോപാൽ തന്റെ ഇഷ്ടക്കാരെ കമ്മിറ്റിയിൽ തിരുകി കയറ്റുന്നുവെന്നും ഹൈക്കമാൻഡിലും കേരളത്തിലും ഒരു നേതാവ് തന്നെ കാര്യങ്ങൾ തീരുമാനിക്കുന്ന തരത്തിലേക്ക് കോൺഗ്രസ് മാറിയെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം. എന്നാൽ മണ്ഡലത്തിലെ അസൗകര്യങ്ങളാണ് എംപിമാർ പുറമേ കാരണമായി പറയുന്നത്.
Related News
പുതിയ അധ്യക്ഷനെ നിയമിച്ച ചടങ്ങിൽ ഏഴോളം എംപിമാരാണ് പങ്കെടുക്കാതെയിരുന്നത്. ശശി തരൂർ, ബെന്നി ബെഹ്നാൻ, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് അടക്കമുള്ള എംപിമാർ പങ്കെടുത്തില്ല. തന്നെ ഇനി മുൻ യുഡിഎഫ് കൺവീനർ എന്ന് വിളിക്കേണ്ടതില്ലെന്ന് എം എം ഹസനും മാധ്യമങ്ങളോട് പറഞ്ഞതോടെ അതൃപ്തി വ്യക്തമായി. ഒരു ഗ്രൂപ്പിനെ പൂർണമായി അവഗണിക്കുകയാണെന്നും കെ സി പക്ഷം കോൺഗ്രസിൽ ആധിപത്യം നേടുകയാണെന്നുമാണ് വിമർശനം.
പ്രശ്നങ്ങൾ പരസ്യമായി പ്രകടമായിട്ടും കോൺഗ്രസിൽ സമാധാനം മാത്രമാണുള്ളതെന്നാണ് പുതിയ അധ്യക്ഷൻ സണ്ണി ജോസഫിന്റെ വാദം. ഏറ്റവും സ്വീകാര്യത കിട്ടിയ ലിസ്റ്റാണ് ഇപ്പോൾ വന്നതെന്നും ആവശ്യമായ അഴിച്ചുപണികൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്. കോൺഗ്രസ് മുമ്പെങ്ങുമില്ലാത്ത പോലെ സമാധാനമായാണ് ഇപ്പോൾ പോകുന്നതെന്ന് പറഞ്ഞ അധ്യക്ഷൻ മുൻ കാലങ്ങളിൽ കോൺഗ്രസിൽ കടുത്ത പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അറിയാതെതന്നെ സമ്മതിക്കുകയും ചെയ്തു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് ആണ് ജയിച്ചതെന്ന മണ്ടത്തരം വിളമ്പിയതോടെ സോഷ്യൽ മീഡിയയിലും പുതിയ അധ്യക്ഷന് ട്രോൾ മഴയാണ് ലഭിക്കുന്നത്.









0 comments