മനോരമ ലേഖകന്റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കുന്നു; മൗനം തുടർന്ന് കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: മലയാള മനോരമ ലേഖകൻ ആനാട് ശശിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ശശിക്ക് നിക്ഷേപത്തുക തിരികെ നൽകാനുള്ള മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ റസിഡൻസ് സഹകരണ സംഘം കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിൽ നിന്ന് തുക തിരികെ ലഭിക്കാത്തതാണ് ശശിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സഹോദരൻ ജയചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസിന് ജയചന്ദ്രൻ വിശദമായ മൊഴി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശശിയുടെ നിക്ഷേപം സംബന്ധിച്ച രേഖകൾ പരിശോധിക്കും.
പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മനോവിഷമത്തിൽ തിങ്കളാഴ്ചയാണ് മനോരമ നെടുമങ്ങാട് ലേഖകൻ ആനാട് ശശി വാടകവീടിനുസമീപം ആത്മഹത്യ ചെയ്തത്. എന്നാൽ സ്വന്തം ലേഖകന്റെ മരണവാർത്ത പോലും ഏതോ നിക്ഷേപകനെന്ന മട്ടിലൊതുക്കുകയായിരുന്നു മനോരമ. മാത്രമല്ല, തട്ടിപ്പ് നടത്തിയ യുഡിഎഫ് ഭരണസമിതിയ്ക്ക് രക്ഷാകവചം ഒരുക്കിയുമാണ് മനോരമ വാർത്ത നൽകിയത്.
നിക്ഷേപിച്ചത് നേതാക്കളുടെ സമ്മർദത്തിൽ
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് സഹകരണ സംഘത്തിൽ ആനാട് ശശി വൻതുക നിക്ഷേപിച്ചത്. കുടുംബ ഷെയറായി ലഭ്യമായ വസ്തു വിറ്റു കിട്ടിയ തുകയും ഭാര്യക്കു ലഭിച്ച റിട്ടയർമെന്റ് തുകയും സമാഹരിച്ച് 1.62 കോടി രൂപയാണ് നിക്ഷേപിച്ചത്.
വസ്തു വിറ്റുകിട്ടിയ തുക ശശിയുടെ കൈയിലെത്തിയ വിവരം അറിഞ്ഞതു മുതൽ സംഘവുമായി ബന്ധമുള്ള ജില്ലയിലെ ചില നേതാക്കൾ ശശിയെ സമ്മർദം ചെലുത്താൻ തുടങ്ങി. പണം പിൻവലിക്കാനായി നേതാക്കളെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. 2024ൽ സംഘത്തിന്റെ പ്രവർത്തനം പൂർണമായി അവതാളത്തിലായി. ഇതോടെ പണം തിരികെ കിട്ടാൻ നിയമ നടപടി സ്വീകരിച്ചു. ഒന്നും ഫലം കണ്ടില്ല.
സംഘം കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പു നടന്നതായി അന്വേഷക സംഘം കണ്ടെത്തിയിട്ടും തണുപ്പൻ സമീപനമാണ് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടത്. സംഘം പ്രസിഡന്റായിരുന്ന മോഹനകുമാരൻ നായർ ഏതാനും മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
തുടരുന്ന സഹകരണ അഴിമതി, ആത്മഹത്യ; മിണ്ടാട്ടമില്ലാതെ നേതൃത്വം
നേതാക്കൾ കോടികൾ വെട്ടിച്ചതുമൂലം സഹകരണ ബാങ്കുകൾ പൊളിഞ്ഞതിനെ തുടർന്ന് നടക്കുന്ന ആത്മഹത്യകൾക്കു നേരെ കണ്ണടച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം. കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുകയും താൻ ലേഖകനായ മനോരമയിലൂടെ രാഷ്‌ട്രീയമായി സഹായിക്കുകയും ചെയ്ത ആനാട് ശശി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനെ സഹായിക്കാൻ നൽകിയ നിക്ഷേപം തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ്.
മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലാണ് ശശി 1.62 കോടി നിക്ഷേപിച്ച് വഞ്ചിതനായത്. സംഘത്തിന്റെ പ്രസിഡന്റ് മോഹനകുമാരൻ നായർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. അന്നും നിക്ഷേപകർക്ക് വേണ്ടി സംസാരിക്കാൻ ഉത്തരവാദിത്വപ്പെട്ട കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. മതിയായ ഈടില്ലാതെയും അനർഹർക്കും വൻതോതിൽ കമീഷൻ വ്യവസ്ഥയിൽ വായ്പനൽകിയത് തിരിച്ചുകിട്ടാതായതോടെയാണ് സംഘം പ്രതിസന്ധിയിലായത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ജില്ലയിലെ കോൺഗ്രസിന്റെ പല പ്രമുഖ നേതാക്കളും വൻതോതിൽ ബിനാമി വായ്പ എടുത്തിട്ടുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 24 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഭരണ സമിതി പിരിച്ചുവിട്ടത്.
2004ൽ സംഘം പ്രവർത്തനം ആരംഭിച്ചതുമുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്. പല പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും അഴിമതിപ്പണത്തിന്റെ വിഹിതം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലായിരുന്നു സംഘം പ്രസിഡന്റിന്റെ ആത്മഹത്യ. തിരുവനന്തപുരത്ത് സഹകരണ രജിസ്‌ട്രാർ 2023 ൽ നടത്തിയ പരിശോധനയിൽ കോൺഗ്രസ് ഭരിക്കുന്ന 25 സംഘങ്ങളിലാണ് അഴിമതി കണ്ടെത്തിയത്. നാട്ടുകാരുടെ പണം തട്ടിച്ചെടുക്കുന്നത് തെളിഞ്ഞിട്ടും ഉത്തരവാദിത്വത്തോടെ ഇടപെടാനോ പണം തിരികെ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാനോ ജില്ലയിലെ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.









0 comments