യൂത്ത് കോൺഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശവുമായി ഐഎൻടിയുസി

കൊച്ചി
യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശവുമായി ഐഎൻടിയുസി യുവജന വിഭാഗം. ഇരിപ്പും നടപ്പും നിൽപ്പും റീൽസാക്കി നാട്ടുകാർക്കുമുന്നിൽ പ്രദർശിപ്പിക്കാനുള്ള ഉപകരണമാക്കി ചിലർ രാഷ്ട്രീയ സംഘടനകളെ മാറ്റിയെന്നാണ് വിമർശം. ചാനൽ മുറികളിലെ അർഥശൂന്യമായ വാഗ്വാദങ്ങളും ആശയശൂന്യ പരിപാടികളുംകൊണ്ട് അത്തരക്കാർ പ്രസ്ഥാനത്തെയും സമൂഹത്തെയും നയിക്കുന്നത് കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്കാണെന്നും വിമർശിക്കുന്നുണ്ട്.
ആലുവയിൽ ഞായറാഴ്‌ച ചേർന്ന ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന നേതൃക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലാണ് വിമർശം. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ അടയാളമാണ് ഖദർ. രാഷ്ട്രീയ വേദികളിൽ നെഞ്ചിൽ തുന്നിപ്പിടിപ്പിച്ച അന്തർദേശീയ ബ്രാൻഡുകളാൽ തങ്ങളുടെ വിപണനമൂല്യം ഉയർത്തപ്പെടും എന്ന് കരുതുന്നവർ രാഷ്ട്രീയ ദാരിദ്ര്യത്തിൽ അകപ്പെട്ടു. ആട് ഇല കടിക്കുന്നതുപോലെ സമരപ്പന്തലുകളിൽനിന്ന് സമരപ്പന്തലുകളിലേക്ക് ലൈക്കിനും റീൽസിനുമായി ഓടുന്ന സെൽഫിയിസ്റ്റുകളായ നേതാക്കന്മാരെ, അതിജീവനത്തിന്റെ സമരമുഖത്ത് ഇറങ്ങിനിൽക്കേണ്ടിവന്ന മനുഷ്യർ ചവിട്ടിപ്പുറത്താക്കുന്ന കാലം വിദൂരമല്ലെന്നും രാഷ്ട്രീയ പ്രമേയത്തിലൂടെ വിമർശിക്കുന്നു.









0 comments