വിജയന്റെ കുടുംബത്തോട് നൂറ് ശതമാനവും യോജിപ്പ്; സെറ്റിൽമെന്റ് ചതിക്കാൻ വേണ്ടിയുള്ളതല്ല: തിരുവഞ്ചൂർ

 n m vijayan thiruvachur
വെബ് ഡെസ്ക്

Published on Sep 14, 2025, 12:47 PM | 2 min read

കൽപ്പറ്റ: വയനാട് ഡിസിസി മുൻ ട്രഷറർ എന്‍എം വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിജയന്റെ കുടുംബം പറയുന്നതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു. എൻ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ പുറത്തുവന്ന ഓഡിയോയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.


പ്രശ്നം പരിഹരിക്കാൻ ഇടപെടൽ വേണ്ടതായിരുന്നു. വാക്ക് കൊടുത്ത് പോയവർക്ക് പണം നൽകാൻ ബാധ്യതയുണ്ടെന്ന് തിരുവഞ്ചൂർ പറയുന്നതും സംഭാഷണത്തിൽ കേൾക്കാം. കോൺ​ഗ്രസിന്റെ ഇപ്പോഴുള്ള നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും തിരുവഞ്ചൂർ എൻ എം വിജയന്റെ മരുമകൾ പത്മജയോട് പറയുന്നു.


വിജയന്റെ കുടുംബത്തിന് പണം നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. രണ്ട് കോടിയാണ് കടമുള്ളതെന്ന് കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ 20 ലക്ഷം മാത്രം നല്‍കി നേതൃത്വം കെെയ്യൊഴിയുകയായിരുന്നുവെന്നും എൻ എം വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചിരുന്നു.


കോൺ​ഗ്രസ് പടുകുഴിയിൽ വീഴണ്ട എന്ന് കരുതിയാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നും ഇരുചെവി അറിയാതെ പ്രശ്നം അന്നേ പരിഹരിക്കേണ്ടതായിരുന്നു എന്നും തിരുവഞ്ചൂർ പറയുന്നു.


കോട്ടയത്ത് വച്ച് പത്മജ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയന്റെ കുടുംബം തന്നെയാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കോൺ​ഗ്രസ് കുടുംബാംഗങ്ങളുടെ ആത്മഹത്യകളിലും ആത്മഹത്യാ ശ്രമത്തിലും പ്രതിരോധത്തിലായ നേതൃത്വം ഇപ്പോൾ കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്.


ഓഡിയോയിലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സംഭാഷണം


ഇപ്പോഴത്തെ നിലപാടുകളോട് ഒരു യോജിപ്പുമില്ല. ഇവർ പാര്‍ടിയെ കുഴിയിൽ കൊണ്ടിടും. സെറ്റിൽമെന്റ് ശരിയായി പാലിക്കാൻ വേണ്ടിയാണ്, ചതിക്കാൻ വേണ്ടിയല്ല. ചതിക്കാൻ വേണ്ടി എന്നെ പോലെ ഒരാളെ അതിൽ ഉപയോ​ഗിക്കേണ്ട കാര്യമില്ല.


കോൺ​ഗ്രസിലെ വളരെ പ്രധാനപ്പെട്ട ആളുകൾ എന്നോട് അവിടെ വന്ന് സംസാരിക്കണമെന്ന് പറഞ്ഞു. ഞാൻ അവിടെ വന്ന് നിങ്ങളെ കണ്ട് സംസാരിച്ചു. നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് നൂറ് ശതമാനം ബോധ്യമുണ്ട്.


പ്രശ്നം തീർക്കാമെന്ന് സിദ്ദിഖും എ പി അനിൽ കുമാറും എന്നോട് പറഞ്ഞു. ഞാൻ രാഷ്ട്രീയത്തിലൊക്കെയാ. പക്ഷെ രാഷ്ട്രീയത്തിലെ തരികിട പണിയുണ്ടല്ലോ, കൂടയുള്ളവരാണെങ്കിലും അതിനോട് യോജിക്കില്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം.


ഒരാൾ പരാതി പറഞ്ഞാൽ അത് കേൾക്കണം. അത് കോൺ​ഗ്രസിന്റെ പഴയൊരു നിഷ്ഠയാണ്. അതില്ല എന്ന് തെളിഞ്ഞ് കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം.


വാക്കും പറഞ്ഞ് ചിരിച്ചിട്ട് പോയവർക്ക് ഇതിലൊരു ബാധ്യതയില്ലേ. ഞാൻ ഈ തരികിട പണിക്കൊന്നും പോവില്ല. ഞാൻ കാണുന്ന രാഷ്ട്രീയം നാട്ടുകാരുടെ കണ്ണീര് കാണുന്ന രാഷ്ട്രീയമല്ല.


ഇരു ചെവിയറിയാതെ പ്രശ്നം അന്നേ സെറ്റിൽ ചെയ്യേണ്ടതായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home