ഇന്റേണ്‍ഷിപ്പിന് പരിധി; ഹൈക്കോടതിയെ സമീപിച്ച് നിയമവിദ്യാര്‍ഥി

കൊച്ചി
നിയമപഠനകാലയളവിലെ ഇന്റേൺഷിപ്പിന് പരിധി നിശ്ചയിച്ചതിനെതിരെ വിദ്യാര്‍ഥി ഹൈക്കോടതിയിൽ. നിയമപഠനത്തിനിടെ വിദ്യാര്‍ഥികള്‍ അഭിഭാഷകര്‍ക്കുകീഴില്‍ രണ്ടുതവണമാത്രമേ ഇന്റേണ്‍ഷിപ് ചെയ്യാവൂവെന്ന നിബന്ധനയ്ക്കെതിരെ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥി ആര്‍ അശ്വിനാണ് ഹര്‍ജി നല്‍കിയത്. ഹർജി സ്വീകരിച്ച ജസ്റ്റിസ് ടി ആർ രവി എറണാകുളം ഗവ. ലോ കോളേജ്, എംജി സര്‍വകലാശാല, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർക്ക് നോട്ടീസ് അയച്ചു.
ബാർ കൗൺസില്‍ ഓഫ് ഇന്ത്യയുടെ 2008ലെ നിയമ വിദ്യാഭ്യാസ ചട്ടപ്രകാരം നിയമവിദ്യാർഥി പഠനകാലയളവിൽ 12 ആഴ്ച ഇന്റേൺഷിപ് ചെയ്യണം. ഇതില്‍ വിദ്യാർഥി വിചാരണ അഭിഭാഷകര്‍ക്കൊപ്പമോ അല്ലെങ്കില്‍ അപ്പീല്‍ അഭിഭാഷകർക്കൊപ്പമോ ഇന്റേൺഷിപ് നടത്തണം. എന്നാൽ, മൂന്നുവര്‍ഷ എല്‍എല്‍ബി കോഴ്സിന് എംജി സർവകലാശാലയും ഗവ. ലോ കോളേജും പുറപ്പെടുവിച്ച അക്കാദമിക് ചട്ടപ്രകാരം ഇത്തരം ഇന്റേൺഷിപ്പുകൾ രണ്ടിലധികം പാടില്ലെന്നാണ് പറയുന്നതെന്ന് ഹർജിക്കാരൻ പറഞ്ഞു. ഹർജിക്കാരൻ എല്‍എല്‍ബി നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. ഇതിനകം രണ്ട് ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കി. അതിനാല്‍ അഭിഭാഷകര്‍ക്കൊപ്പം ഇന്റേണ്‍ഷിപ് ചെയ്യാന്‍ അനുമതി ലഭിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഭിഭാഷകര്‍ക്കുകിഴില്‍ എത്ര ഇന്റേൺഷിപ്പുകൾ നടത്താമെന്നതിന് ബിസിഐ പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ഈ നിയന്ത്രണം ഏകപക്ഷീയവും യുക്തിരഹിതവും രാജ്യവ്യാപകമായ നിയമ വിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധവുമാണ്.
മറ്റുസര്‍വകലാശാലകളില്‍ ഇത്തരം നിയന്ത്രണമില്ല. എറണാകുളം ലോ കോളേജിലേയും എംജി സര്‍വകലാശാലയിലേയും വിദ്യാര്‍ഥികളെ ഈ നിബന്ധന സാരമായി ബാധിക്കുന്നതായും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
ആഗസ്ത് 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എതിർകക്ഷികൾ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ രഘുല്‍ സുധീഷ്, ജെ ലക്ഷ്മി, അമ്പിളി ടി വേണു, ഉണ്ണിക്കൃഷ്ണന്‍ എസ് തണ്ടയാന്‍, എം ഉമാദേവി എന്നിവര്‍ ഹാജരായി.









0 comments