കേരളത്തിൽ മഴനനഞ്ഞ് നടക്കുന്ന ഷെർലക് ഹോംസ്, കഥകളി കാണുന്ന ലേഡി മാക്ബത്ത്; വൈറലായി സാഹിത്യോത്സവ ക്യാമ്പയിൻ


ഷംസുദ്ദീൻ കുട്ടോത്ത്
Published on Aug 10, 2025, 11:50 AM | 3 min read
കടലിൽ മീൻപിടിക്കാനിറങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്ത 'സാന്തിയാഗോ'യെ കടൽക്കരയിൽ കാത്തിരിക്കുന്ന ഏണസ്റ്റ് ഹെമിങ് വേ, കേരളത്തിലെ ഏതോ ഗ്രാമത്തിലെത്തി "ഞാനാണ് ആ രണ്ട് സ്ത്രീകളേയും കൊന്ന"തെന്ന് നാട്ടുകാരോട് കുറ്റം ഏറ്റുപറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യണം. പൊലീസ് സ്റ്റേഷൻ എവിടെ എന്നന്വേഷിക്കുന്ന ദസ്തയോസ്കിയുടെ 'റസ്‌കോൽ നികോഫ്, കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തറയിൽ കിടക്കുന്ന പാറ്റയെ കണ്ട് ''ഈ പാറ്റയാണോ ഞാൻ... ഞാനാണോ ഞാൻ....ശരിക്കും ആരാണ് ഞാൻ...? ''എന്ന് ആശയ കുഴപ്പത്തിലാകുന്ന കാഫ്കയുടെ ഗ്രിഗർ സാംസ, കഥകളി കാണുന്ന ലേഡി മാക്ബത്ത്, ബേക്കർ സ്ട്രീറ്റിൽനിന്ന് അവധിയെടുത്ത് കേരളീയ ഗ്രാമീണവഴിയിൽ മഴ നനഞ്ഞ് നടക്കുന്ന ഷെർലക് ഹോംസ്...
കേരളത്തിലെ ഒരു റയിൽവേ സ്റ്റേഷനിൽ ഹതാശയായി തീവണ്ടികാത്തു നിൽക്കുന്ന അന്നാ കരിനീനയുടെ തോളത്തു തട്ടി, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും, കൗൺസലിങ് സംവിധാനമായ ദിശയുമായി ബന്ധപ്പെടാനും പറയുന്ന ഗ്രാമീണൻ...
ഇങ്ങനെ ആശയങ്ങൾ കൊണ്ടും ആവിഷ്കാരം കൊണ്ടും വേറിട്ടുനിൽക്കുകയാണ് കേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായ നവമാധ്യമ ക്യാമ്പയിൻ. കുറച്ചുകാലം മുമ്പുവരെ വരയിലോ അക്ഷരങ്ങളിലോ മാത്രം ആവിഷ്കരിച്ചിരുന്നവയാണ് ജീവനുള്ളവരായി നമ്മോട് മിണ്ടിപ്പറയാൻ നുറുങ്ങ് വീഡിയോകളായി എത്തുന്നത് ' 17 മുതൽ 21 വരെ തൃശ്ശൂരിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ പ്രമോ വീഡിയോയിലൂടെയാണ് ഇവരൊക്കെ മലയാളം പറയുന്നത്. മലയാളികൾക്ക് പരിഭാഷ സ്വന്തം വീട്ടുകാര്യമാണല്ലോ എന്ന് അഭിമാനത്തോടെ പറയുന്ന മോണ്ടി ക്രിസ്റ്റോ പ്രഭു, ഷേക്സ്‌പിയർ, മാധവിക്കുട്ടി, എം ടി, ബഷീർ... എഐയുടെ പുതുകാലസാധ്യതകളിലൂടെ വായനക്കാർ കാണാൻ ആഗ്രഹിക്കുന്ന എഴുത്തുകാരേയും കഥാപാത്രങ്ങളേയും ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക വീഡിയോകളും വൈറലാണ്.

സാഹിത്യത്തിന്റെ സാർവജനീനമായ സത്തയെ ഉൾക്കൊണ്ടാണ് ഓരോ വീഡിയോയും തയ്യാറാക്കിയത്. ഡോൺ ക്വിക് സോട്ടിനെയും കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുമൊക്കെ ശുദ്ധമലയാളത്തിൽ സാഹിത്യോത്സവത്തിലേക്കു തദ്ദേശീയരെ ക്ഷണിക്കുന്നതിന്റെ താൽക്കാലിക കൗതുകം മാത്രമല്ല അത്; വിശ്വസാഹിത്യത്തെ ഹൃദയത്തിലേറ്റിയ മലയാളികളുടെ സത്ത കൂടിയാണ്. സർഗാത്മകതയുടെ ഒരേ ഉള്ളുരുക്കങ്ങൾ പങ്കുവച്ച് സിൽവിയ പ്ലാത്തും രാജലക്ഷ്മിയും, ബൗദ്ധികതയുടെ കരുത്തു പങ്കിട്ട് സിമോൺ ഡി ബുവെയും സരസ്വതിയമ്മയും, ആധ്യാത്മികതയുടെയും ലാളിത്യത്തിന്റെയും കാവ്യഭാഷയിൽ ബാലാമണിയമ്മയും എമിലി ഡിക്കിൻസണും- ഇങ്ങനെ ചില കൂടിച്ചേരലുകളുടെ അഴകു കൂടിയുണ്ട് ഈ പ്രമോ വീഡിയോകൾക്ക്. കൗതുകത്തിനു പുറമേ, സാഹിത്യകുതുകികൾക്കും പുതിയ തലമുറയിലെ കുട്ടികൾക്കും എഴുത്തുകാരെയും കൃതികളെയും കുറിച്ച് അറിയാനുള്ള ആകാംക്ഷ കൂടി ഇവ ഉണ്ടാക്കുന്നു.
പ്രചരണത്തിൽ എന്തെങ്കിലും പുതിയ സാധ്യതകൾ ഉപയോഗിക്കണമെന്ന ആലോചനയാണ് എ ഐ വീഡിയോകളിലേക്ക് എത്തിച്ചതെന്ന് സാഹിത്യോത്സവത്തിന്റെ പ്രചരണ ചുമതലയുള്ള അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ എൻ.ജി. നയനതാര പറഞ്ഞു: “മലയാളം യൂണിവേഴ്സിറ്റിക്കു വേണ്ടി തയ്യാറാക്കിയ ഒരു ഷേക്സ്‌പിയർ വീഡിയോ ആയിരുന്നു പ്രചോദനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും കടന്നുവരുമ്പോൾ അതിനെ എങ്ങനെ സർഗാത്മകമായി ഉപയോഗിക്കാം എന്നാണ് ആലോചിച്ചത്. പിന്നെ ഒരു പുതിയ കാര്യം ചെയ്യുന്നതിന്റെ ആവേശവും ഉണ്ടായിരുന്നു. ഒന്നുറപ്പാണ്; ഇനി വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളിലും എ ഐ തന്നെയായിരിക്കും താരം.”
പ്രമുഖ ഡിസൈനർ രാജേഷ് ചാലോടാണ് വീഡിയോകൾ തയ്യാറാക്കുന്നത്. ഒന്നിലധികം എ ഐ ടൂളുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. “സ്ക്രിപ്റ്റ് തയ്യാറാക്കി കിട്ടിയാൽ ഏതൊക്കെ ടൂളുകൾ ഉപയോഗിക്കാമെന്ന് ആദ്യമൊരു ധാരണയുണ്ടാക്കും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ ഇപ്പോൾ ധാരാളം എ ഐ വീഡിയോകൾ കാണാം. അതല്ലാതെ, ഒരു സിഗ്നേച്ചർ രീതിയുണ്ടാക്കാനാണു ശ്രമിച്ചത്. അതുകൊണ്ട് ചിത്രങ്ങൾ കസ്റ്റമൈസ് ചെയ്യാനും, ജനറേറ്റ് ചെയ്യാനും, ആനിമേറ്റ് ചെയ്യാനുമൊക്കെ പല പല രീതികൾ പരീക്ഷിക്കുന്നുണ്ട്. ഗൂഗിൾ വിയോ, മിഡ്ജേണി, അഡോബി പ്രീമിയർ തുടങ്ങി നിരവധി സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു.” ഓരോ ദിവസവും പുതിയ മാറ്റങ്ങൾ വരുന്ന മേഖലയായതിനാൽ സാങ്കേതികമായി നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണമെന്നും രാജേഷ് ഓർമ്മിപ്പിക്കുന്നു.
എ ഐ വിപ്ലവം സാമൂഹ്യമാധ്യമങ്ങളെയും ദൈനംദിനവ്യവഹാരങ്ങളെയും അതിരുകളില്ലാതെ സ്വാധീനിക്കുന്ന കാലത്ത്, അതിന്റെ സർഗാത്മകസാധ്യതകൾ തിരിച്ചറിയാനുള്ള അവസരംകൂടിയാണ് ഈ വീഡിയോകൾ നൽകുന്നത്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം 17-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 21 വരെ നീളുന്ന സെഷനുകളിൽ മുന്നൂറിലധികം എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും പങ്കെടുക്കും.
ചുരുങ്ങിയ ചിലവിൽ കൂടുതൽ പേരിലേക്ക്
കേരളത്തിൽ അനേകം സാഹിത്യോത്സവങ്ങൾ നടക്കുന്നുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പുതുതായി എല്ലാ വർഷവും സാഹിത്യോത്സവങ്ങൾ തുടങ്ങുന്നമുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് ചെലവ് ചുരുക്കി സാഹിത്യ അക്കാദമിയുടെ സാഹിത്യാത്സവത്തിൻ്റെ വിശേഷങ്ങൾ എത്തിക്കണം എന്ന ചിന്തയിൽ നിന്നു രുത്തിരിഞ്ഞ് വന്ന ആശയമാണിത്. മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചത്. മുമ്പില്ലാത്ത വിധം ശ്രദ്ധ ഇത്തവണ അക്കാദമിയുടെ സാഹിത്യോത്സവത്തിന് കിട്ടുന്നുണ്ട്. മലയാളികൾക്ക് സുപരിചിതമായ ലോക സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളെയും എഴുത്തുകാരേയും ആണ് ഇതിൽ കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളത്.
അക്കാദമിക്ക് ലഭിക്കുന്ന പരമാവധി പണം പരിപാടികൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. പത്രപരസ്യങ്ങൾക്കൊക്കെ വലിയ തുകയാകും. പുതിയ തലമുറയെ ഉൾപ്പെടെ ആകർഷിക്കുന്ന തരത്തിലുള്ള പ്രചരണ രീതിയാണ് അവലംബിക്കുന്നത്. വരുംകാലത്ത് മറ്റ് സാഹിത്യ ഉൽസവങ്ങളിലും ഈ രീതി പരീക്ഷിക്കാൻ ആളുകൾ തയ്യാറായേക്കും.
(സച്ചിദാനന്ദൻ, പ്രസിഡൻ്റ്കേരള സാഹിത്യ അക്കാദമി)
സാധ്യതകളുടെ സാഹിത്യോത്സവം
നിർമ്മിതബുദ്ധിയുടെ സാധ്യതകൾ ലഘുവായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ പബ്ലിസിറ്റി വിഭാഗം പ്രവർത്തിക്കുന്നത്. വിശ്വസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതികളും സന്ദർഭങ്ങളും വായനക്കാർക്ക് ഹൃദ്യമായനുഭവപ്പെടുന്ന ലൈവ് ചിത്രീകരണങ്ങളാണ് പബ്ലിസിറ്റി വിഭാഗം തയ്യാറാക്കിയിട്ടുള്ളത്. ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള, ഷെയ്ക്‌സ്പിയറിന്റെ വിഖ്യാതകഥാപാത്രങ്ങളായ ഹാംലറ്റ്, മാക്ബത്ത്, ഒഥല്ലോ, ഷൈലോക്ക് എന്നിവർ, വിശ്വമഹാ കവി പാബ്ലോ നെരൂദ, വിശ്വകവി രബീന്ദ്രനാഥടാഗോറും ഷെയ്‌ക്‌സ്‌പിയറും, ഏണസ്റ്റ് ഹെമിങ് വേയുടെ കിഴവനും കടലും നോവലിലെ സാന്തിയാഗോ തുടങ്ങിയവരെ സചേതനമായി ആവിഷ്കരിക്കുകയാണ്. അതോടൊപ്പം എം.ടി.വാസുദേവൻനായർ, വൈക്കം മുഹമ്മദ് ബഷീർ, പൊയ്കയിൽ അപ്പച്ചൻ, പണ്ഡിറ്റ് കെ പി കറുപ്പൻ എന്നിവരും കാരിക്കേച്ചറുകളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ILFK-യുടെ രണ്ടാം എഡിഷന്റെ പ്രചാരണം ഏറ്റവും ആകർഷകമാക്കിമാറ്റാൻ ഈ എഐ ആവിഷ്കാരങ്ങൾക്ക് കഴിയുന്നു.
(സി പി അബൂബക്കർ, സെക്രട്ടറി)









0 comments