തരൂരിനെ തള്ളി ഹസൻ; തള്ളാതെ കുഞ്ഞാലിക്കുട്ടി, നിലപാടിൽ ഉറച്ച് തരൂർ

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് കണക്കുകളുദ്ധരിച്ച് ലേഖനമെഴുതിയ ശശി തരൂരിനെതിരെ യുഡിഎഫ് കൺവീനർ എം എം ഹസൻ. വ്യക്തിപരമായ കാര്യങ്ങൾ പറയണമെങ്കിൽ തരൂർ വർക്കിംഗ് കമ്മറ്റിയിൽ നിന്നും ഒഴിയണം. ഇമേജ് ബിൽഡ് ചെയ്യാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നതെന്നും എംഎം ഹസൻ പറഞ്ഞു. കേരളത്തിന്റെ മാറ്റത്തിന് കാരണം യുഡിഎഫ് ആണെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും രംഗത്ത് വന്നിരുന്നു. കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂർ എംപിയുടെ വാദം തള്ളാതെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കേരളത്തിലുണ്ടായ എന്തുമാറ്റത്തിനും അടിസ്ഥാന കാരണം യുഡിഎഫ് സർക്കാരുകളാണെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരളം എല്ലാ മേഖലയിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ്. 1991ന് ശേഷമാണ് മാറ്റങ്ങളുണ്ടായത്. കിൻഫ്രയും അക്ഷയ കേന്ദ്രങ്ങളും എൻജിനിയറിങ് കോളേജുകളും ആരംഭിച്ചതാണ് ഇതിന് കാരണം. നോക്കുകൂലിയും ആക്രമസമരവുമായിരുന്നു വ്യവസായ സൗഹൃദത്തിന് തടസമായത്. ഇപ്പോഴത്തെ പ്രതിപക്ഷം ആ നിലയ്ക്ക് പോയിട്ടില്ല. കേരളത്തിലുണ്ടായ മാറ്റങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാരുകളാണെന്ന് ഞങ്ങൾക്ക് അവകാശപ്പെടാം. തരൂരിന്റെ ലേഖനത്തിലുള്ള ലീഗിന്റെ രാഷ്ട്രീയനിലപാട് സമയമാകുമ്പോള്‍ പറയും. താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ദുരന്തബാധിതരെ കേന്ദ്രസർക്കാർ അപമാനിക്കുകയാണ്. അതിനെതിരെ പ്രതികരിക്കണം. ഇന്ത്യക്കാരെ തടവുപുള്ളികളെപ്പോലെ അമേരിക്കയിൽനിന്നെത്തിക്കുന്നത് അപമാനകരമാണ്. ഇതിൽ അഭിമാനിക്കാനൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്നും പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു വെന്നും തരൂർ പ്രതികരിച്ചു. തന്റെ നിലപാട് വികസനത്തിനും നിക്ഷേപത്തിനും വേണ്ടിയാണെന്നും വേണമെങ്കിൽ വർക്കിങ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാം എന്നും തരൂർ പറഞ്ഞു. എന്നിരുന്നാലും താൻ പറഞ്ഞ നിലപാടിൽ നിന്ന് ഒരു തരി പിന്നോട്ടില്ലെന്നും അഭിപ്രായം ഇനിയും പറയുമെന്നും തരൂർ വ്യക്തമാക്കി.









0 comments