കോൾഡ്‌റിഫ് സിറപ്പിന്‌റെ 170 ബോട്ടിൽ ശേഖരിച്ചു; ജാഗ്രതയിൽ കേരളം

തിരുവനന്തപുരം : കോൾഡ്‌റിഫ് കഫ് സിറപ്പ് വില്‍പ്പന നിര്‍ത്തിവച്ചതിന് പിന്നാലെ, പരിശോധനകൾ ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. മധ്യപ്രദേശിൽ കോൾഡ്‌റിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചെന്ന പരാതിയുടെ പശ്‌ചാത്തലത്തിലാണ് വിൽപ്പന നിരോധിച്ചത്.
സിറപ്പിന്റെ 170ബോട്ടിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നാണ് ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13ബാച്ച് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. കോൾഡ്‌റിഫ് കഫ് സിറപ്പിന്റെ ഒരു ബാച്ചും വിൽക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല. വിൽപ്പന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന തുടരും. സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ ചുമ മരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കി.
52 മരുന്നുകളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചുമ മരുന്ന് നൽകരുതെന്ന് നിർദേശിച്ച് ഡ്രഗ്സ് കൺട്രോളർ സർക്കുലറും ഇറക്കി. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മരുന്ന് നൽകണമെങ്കിൽ കുറിപ്പടി നിർബന്ധമാണ്. കുറിപ്പടികളില്ലാത്ത മരുന്നുകൾ വിറ്റാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.








0 comments