ബാർ ഹോട്ടലുകളിൽ പരിശോധന: കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി


സ്വന്തം ലേഖകൻ
Published on Sep 28, 2025, 12:07 AM | 1 min read
തിരുവനന്തപുരം: സംസ്ഥാന ജിഎസ്‌ടി വകുപ്പ് ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ‘ഓപ്പറേഷൻ പ്രാൻസിങ് പോണി’ എന്ന് പേരിട്ട പരിശോധനയിൽ 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. 29 ലക്ഷം രൂപ പിരിച്ചെടുത്തു.
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ആരംഭിച്ച പരിശോധന വെള്ളിയാഴ്‌ച പുലർച്ചെ വരെ നീണ്ടു. റിട്ടേൺ സമർപ്പിക്കാത്ത 45 ബാർ ഹോട്ടലുകളിൽ ഒരേസമയമായിരുന്നു പരിശോധന. എല്ലാമാസവും സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഏഴുമാസം മുതൽ ഒരുവർഷത്തിലേറെയായി സമർപ്പിക്കാത്തവരുണ്ട്. അതത് ജില്ലകളിലെ ഇന്റലിജന്റ്‌സ് വിഭാഗം ഡെപ്യൂട്ടി കമീഷണർമാരും സോണൽ ജോ. കമീഷണർമാരുടെയും നേതൃത്വത്തിൽ അതീവരഹസ്യമായിട്ടായിരുന്നു പരിശോധന. ബില്ലുകളുൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധന പൂർത്തിയായാലേ കൃത്യമായ വെട്ടിപ്പിന്റെ കണക്ക് പുറത്തുവരൂ. സംസ്ഥാന സർക്കാരിന് സ്വന്തമായി നികുതി പിരിക്കാനുള്ള രണ്ട് മേഖലകളിൽ ഒന്നാണ് ബാർ ഹോട്ടലുകൾ. വരുമാനത്തിന്റെ 10 ശതമാനമാണ് നി കുതി.
ബിവറേജസ് കോർപറേഷനിൽനിന്ന് വാങ്ങുന്ന മദ്യത്തിന്റെ മൂന്നോ നാലോ ഇരട്ടി വിലയ്‌ക്കാണ് പലയിടത്തും വിൽപന. എന്നാൽ ഇൗ വില കണക്കിലില്ല. വിൽപന കുറഞ്ഞതായി കാണിക്കുന്ന രീതിയുമുണ്ട്. പരിശോധനക്കായി ‘ദി ലോർഡ് ഓഫ് ദി റിങ്‌സ്’ പരന്പരയിൽ നിന്നാണ് പ്രാൻസിങ് പോണി എന്ന പേര് സ്വീകരിച്ചത്. കുതിക്കാൻ ഉയരുന്ന കുഞ്ഞുകുതിരയാണ് ചിഹ്നം.







0 comments