പ്രതികൾ ഉപയോഗിച്ച ഇന്നോവ കണ്ടെത്തി; പാഴ്സൽലോറി തടഞ്ഞ് 3 കോടി തട്ടിയ കേസിൽ 2 പേർ പിടിയിൽ


സ്വന്തം ലേഖകൻ
Published on Jun 23, 2025, 02:23 AM | 1 min read
കായംകുളം :പാഴ്സൽ ലോറിയിൽനിന്ന് മൂന്നുകോടി തട്ടിയ കേസിൽ രണ്ട് പ്രതികൾ അറസ്‌റ്റിൽ. തട്ടിപ്പ് സംഘം ഉപയോഗിച്ച ഇന്നോവ കാറും കണ്ടെത്തി. തമിഴ്നാട് തിരുപ്പർ വീരപാണ്ടി ജയമണി കോമ്പൗണ്ട് സുഭാഷ് ചന്ദ്രബോസ് (32), വെള്ളിയംകാട്, തിരുപ്പർ വീരപാണ്ടി ജയമണി കോമ്പൗണ്ട് തിരുകുമരൻ (37) എന്നിവരെയാണ് കായംകുളം ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അന്വേഷകസംഘം തമിഴ്‌നാട് തിരുപ്പൂരിൽനിന്ന് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ കോടതി റിമാൻഡ്‌ചെയ്‌തു. 13ന് പുലർച്ചെ കോയമ്പത്തൂരിൽനിന്ന് വന്ന പാഴ്സൽ ലോറി തടഞ്ഞുനിർത്തിയാണ് രണ്ട് വാഹനങ്ങളിലെത്തിയ എട്ടംഗ സംഘം പണം തട്ടിയെടുത്തത്.
കൊല്ലത്ത് സ്വർണവ്യാപാരം ചെയ്യുന്ന മഹാരാഷ്‌ട്ര സ്വദേശിയായ അപ്പാസ് പട്ടീൽ കരീലക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം. മകളുടെ വിദ്യാഭ്യാസത്തിനും സ്വർണം വാങ്ങാനുമായി ബന്ധുവിനെ ഏൽപ്പിച്ച പണമാണ് തട്ടിയെടുത്തതെന്നാണ് പരാതി. ആസൂത്രിതമായാണ് പണം തട്ടിയത്. പൊലീസിന്റെ ശാസത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. സിസിടിവി പരിശോധിച്ചപ്പോൾ തട്ടിപ്പുസംഘം തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. പിന്നാലെയെത്തി രണ്ട് പേരെ പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണത്തിൽ അഞ്ചുലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഒരുലക്ഷം രൂപ തിരുപ്പതി ക്ഷേത്ര ഭണ്ഡാരത്തിലിട്ടതായും പ്രതികൾ പറഞ്ഞു. തട്ടിയെടുത്ത പണം കൈക്കലാക്കിയത് സംഘത്തിലെ തമിഴ്നാട് കുംഭകോണം സ്വദേശിയാണെന്നും പൊലീസിന് വിവരം ലഭിച്ചു. കൊള്ളയ്‌ക്ക് തലേന്ന് ട്രയലും ലോറിയിൽ പണം കൊണ്ടുപോകുന്ന വിവരം ലഭിച്ച സംഘം തലേദിവസം ട്രയൽ നടത്തി. തെന്മലയിൽ ക്യാമ്പ് ചെയ്‌ത സംഘം പിറ്റേദിവസം പുലർച്ചെയാണ് ലോറി ദേശീയപാത രാമപുരം ജങ്ഷന് സമീപമെത്തിയപ്പോൾ തടഞ്ഞ് പണംതട്ടിയത്. ഇന്നോവ, സ്‌കോർപ്പിയോ വാഹനങ്ങളിൽ വന്ന സംഘം പണവുമായി തമിഴ്നാട്ടിലേക്ക് കടന്നു. ലോറി ഡ്രൈവറുടെ ഫോണും തട്ടിയെടുത്തു.









0 comments