ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ; ലാൻഡ് പൂളിങ് ധാരണപത്രം ഇന്ന് ഒപ്പിടും

കൊച്ചി
ഇൻഫോപാർക്ക് മൂന്നാംഘട്ടമടക്കമുള്ള വികസന പദ്ധതികൾക്കായി ലാൻഡ് പൂളിങ്ങിന് തിങ്കളാഴ്‌ച ധാരണപത്രം ഒപ്പിടും. പകൽ 11.30ന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കുമാണ് ധാരണപത്രം ഒപ്പിടുന്നത്.
കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിലാണ് ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്. അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർ ജിസിഡിഎ പൂൾ ചെയ്യും.
ഭൂവുടമകളിൽനിന്ന് നേരിട്ട് അവരുടെ സമ്മതത്തോടെ സ്ഥലം വാങ്ങുന്നതാണ് ലാൻഡ് പൂളിങ്. ജിസിഡിഎയുടെ ‘ബോധി 2022’ വികസന കോൺക്ലേവിലെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് കേരള ലാൻഡ് പൂളിങ് നിയമവും ചട്ടങ്ങളും സർക്കാർ പാസാക്കിയത്.
ആദ്യം ഭൂമി കണ്ടെത്തി വിജ്ഞാപനം ഇറക്കും. കൃത്യമായി അതിരുകൾ അടയാളപ്പെടുത്തിയ മാപ്പിന്റെ സഹായത്തോടെ പൂൾ ചെയ്യാനുദ്ദേശിക്കുന്ന ഏരിയ, സർവേ നമ്പറടക്കം പ്രസിദ്ധപ്പെടുത്തും. തുടർന്ന് ഭൂവുടമകളുടെ യോഗം വിളിച്ച് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കും. ആകെ ഭൂമിയുടെ 75 ശതമാനം പൂളിങ്ങിന് ഉടമകൾ സമ്മതിച്ചാൽ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകും. കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായപ്രകാരം ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കും. പൂൾ ചെയ്തയിടത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി ഭൂവുടമകൾക്ക് തിരികെ നൽകും.
ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിൽ 25,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പൂർണസജ്ജമായാൽ രണ്ടുലക്ഷംപേർക്ക് നേരിട്ടും നാലുലക്ഷംപേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.









0 comments