‘ഭീതിയുടെ റിപ്പബ്ലിക്കാ’യി ഇന്ത്യ മാറി: ദീപാങ്കർ ഭട്ടാചാര്യ

തിരുവനന്തപുരം: ഇന്ത്യ ‘ഭീതിയുടെ റിപ്പബ്ലിക്കാ’യി മാറിയിരിക്കുകയാണെന്ന് സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ‘ബിഹാർ: ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള പരീക്ഷണവേദി’ എന്ന വിഷയത്തിൽ 24-ാമത് എൻ നരേന്ദ്രൻ സ്മാരകപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലിം സമൂഹങ്ങൾ അടക്കമുള്ള സാമൂഹികപിന്നാക്കവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കമാണു വോട്ടർപ്പട്ടികയിൽ കൊണ്ടുവന്ന ‘പ്രത്യേക തീവ്ര പരിശോധന’. അസമിൽ പൗരത്വപ്പട്ടികയുടെ അടിസ്ഥാനത്തിൽ ‘സംശയമുള്ള വോട്ടർമാ’രെ സൃഷ്ടിച്ചു തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നതുപോലെ ബിഹാറിൽ ബിഎൽഒമാർ അംഗീകരിക്കാത്ത വോട്ടർമാർ പ്രത്യേകവിഭാഗമാക്കി വേട്ടയാടപ്പെടും. ഭാവിയിൽ മറ്റു സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നടപടികളുടെ ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശങ്ങൾ കൃത്യമായ ആസൂത്രണത്തോടെ ഇല്ലാതാക്കപ്പെടുകയാണ്. ഭരണകൂടവിമർശകരെയും പ്രതിപക്ഷശബ്ദങ്ങളെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാനുള്ള ശ്രമം വിജയിക്കുന്നതാണു കാണുന്നത്. മാധ്യമങ്ങൾ, അക്കാദമികലോകം, സാമൂഹികപ്രവർത്തകർ, തൊഴിലാളി-കർഷകപ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളിൽ ‘ഭയം’ ഒരു നിയന്ത്രണായുധമായി ഉപയോഗിക്കപ്പെടുന്നു. ഇതിനെ നേരിടാൻ, ജനങ്ങളും രാഷ്ട്രീയപ്രവർത്തകരും സംഘടനകളും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ടു വരേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ, എല്ലാ ബിജെപിയിതര രാഷ്ട്രീയശക്തികളും സാമൂഹികസംഘടനകളും ഐക്യപ്പെടണമെന്നും ദീപങ്കർ പറഞ്ഞു.
ദേശാഭിമാനി, ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രങ്ങളിൽ പത്രപ്രവർത്തകനായിരുന്ന എൻ നരേന്ദ്രന്റെ ഓർമയ്ക്കായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. 2001 ആഗസ്റ്റ് 7നാണ് നരേന്ദ്രൻ അന്തരിച്ചത്. ഇന്ത്യൻ എക്‌സ്പ്രസ് മുൻ റെസിഡന്റ് എഡിറ്റർ എൻ മാധവൻകുട്ടി മോഡറേറ്ററായി. ഗിൽവെസ്റ്റർ അസ്സറി സ്വാഗതവും ഡി പ്രമേഷ് കുമാർ നന്ദിയും പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരായ മാലിനി ചാറ്റർജി, ആർ രാജഗോപാൽ, മുൻ ആസൂത്രണബോർഡംഗം സി പി ജോൺ, മുൻ പിഎസ്‍സി അംഗം ആർ പാർവ്വതിദേവി തുടങ്ങിയവർ പങ്കെടുത്തു.









0 comments