print edition പ്രസവത്തിലും ആൾമാറാട്ടം, പെൺകുഞ്ഞിനെ പണം കൊടുത്തു വാങ്ങി; കോൺഗ്രസ് സംഘത്തിന്റെ തട്ടിപ്പ് പുറത്ത്

എസ് കിരൺബാബു
Published on Nov 04, 2025, 08:05 AM | 1 min read
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് തിരുവനന്തപുരത്ത് 10 കോടിയോളം വിലവരുന്ന വീടും വസ്‌തുവും തട്ടിയെടുത്ത കോൺഗ്രസ് സംഘാംഗങ്ങളുടെ ആൾമാറാട്ടത്തട്ടിപ്പും പുറത്ത്. കേസിലെ ഏഴാം പ്രതി ശാസ്‌തമംഗലം സ്വദേശി സെയ്ദ് അലി(48)യും മുൻഭാര്യ മീര ആസ്‌മി(47)യും പെൺകുഞ്ഞിനെ പണം കൊടുത്തു വാങ്ങിയെന്നാണ് വിവരം.
വീട് തട്ടിപ്പുകേസിൽ സെയ്ദ് അലിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവരുടെ സന്നദ്ധ സംഘടനയിൽ ജോലി ചെയ്‌തിരുന്ന കാഞ്ഞിരംപാറ സ്വദേശിയായ മുപ്പതുകാരിയുടെ കുഞ്ഞിനെയാണ് പണം കൊടുത്ത് വാങ്ങിയതും വ്യാജരേഖ ചമച്ച് സ്വന്തമാക്കിയതും. കുഞ്ഞിന്റെ വീഡിയോ പകർത്തി വിദേശത്തേക്ക് അയച്ചതായും കണ്ടെത്തി. കുഞ്ഞിനെ വിൽക്കാനാണിതെന്നും സംശയിക്കുന്നു. ചോദ്യങ്ങൾക്ക് സെയ്‌ദ് അലി കൃത്യമായ മറുപടി നൽകിയിട്ടില്ല. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അന്വേഷണം ആരംഭിച്ചു. കുഞ്ഞ് സിഡബ്ല്യുസി സംരക്ഷണയിലാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 2022 ഒക്‌ടോബർ ഒന്നിന് പകൽ 11.40നാണ് പെൺകുട്ടി ജനിച്ചത്. മുപ്പതുകാരി ആശുപത്രിയിൽ അഡ്‌മിറ്റായത് മീര ആസ്‌മി എന്ന പേരിൽ. ഭർത്താവിന്റെ സ്ഥാനത്ത് സെയ്ദ് അലിയുടെ പേരും. ജനന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുമ്പോൾ മീര ആസ്‌മി എന്ന പേരിൽ യുവതിയുടെ ഫോട്ടോ പതിപ്പിച്ച വ്യാജ ഐഡി കാർഡും സെയ്ദ് അലി ഹാജരാക്കി. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയത് മീരയ്‌ക്ക് പ്രസവം നടക്കുമ്പോൾ വെറും മുപ്പത് വയസ്സെന്നും ആദ്യ പ്രസവമെന്നുമാണ്. യഥാർഥത്തിൽ മൂന്ന് പെൺകുട്ടികളുടെ അമ്മയാണിവർ. പ്രസവശേഷം മീര കുഞ്ഞിനെ വാങ്ങി. അതേസമയം കുട്ടി തന്റെതാണെന്നും നിലവിൽ മീരയുടെ സംരക്ഷണയിലാണ് താനും കുട്ടിയുമെന്നുമാണ് യുവതിയുടെ വിശദീകരണം.
പെൺകുഞ്ഞിന്റെ യഥാർഥ അമ്മയും മീരയും സെയ്ദ് അലിയും തൃശൂരിൽ വ്യാജ ആധാരം തയ്യാറാക്കി വസ്‌തു തട്ടിയെടുത്ത കേസുകളിൽ 120 ദിവസത്തോളം ജയിലിലായിരുന്നു.
സെയ്ദ് അലിയും മീരയും വിവാഹമോചിതരാകുംമുന്പ് ശാസ്‌തമംഗലത്ത് വീഗ്രോ ഫൗണ്ടേഷൻ എന്ന എൻജിഒ സ്ഥാപിച്ചു. ഇതുവഴിയാണ് ജനുവരിയിൽ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്‌ഠന്റെ നിർദേശപ്രകാരം തിരുവനന്തപുരത്ത് 10 കോടി വിലവരുന്ന വീടും വസ്‌തുവും തട്ടിയെടുക്കാൻ വ്യാജ ആധാറുകൾ നിർമിച്ചത്.









0 comments