നിപാ വൈറസ് പ്രതിരോധത്തിന് ആൻ്റിവൈറൽ കണ്ടെത്തലുമായി ഐഐടി ​ഗവേഷകർ

IIT PROF
വെബ് ഡെസ്ക്

Published on Aug 07, 2025, 12:38 PM | 1 min read

കഞ്ചിക്കോട് : നിപാ വൈറസ് പ്രതിരോധത്തിന് ആൻ്റിവൈറൽ കണ്ടെത്തലുമായി ഐഐടി ​ഗവേഷകർ. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ ​ഗവേഷകരായ ഡോ ഗിരിധരൻ ലോകനാഥൻ മലർവിഴിയും പ്രൊഫ ജഗദീഷ് ബായ്രിയുമാണ് ആൻ്റിവൈറൽ കണ്ടെത്തിയത്.


നിപ വൈറസ് ജനിതക വസ്തുക്കളുടെ സംരക്ഷണം, അതിജീവനം, പെരുകൽ പ്രകിയകൾ ന്യൂക്ലിയോപ്രോട്ടീൻ പോലുള്ള പ്രധാന പ്രോട്ടീനുകളെ ആശ്രയിച്ചാണ് നടക്കുന്നത്. സ്ഥിരതയും പ്രവർത്തനക്ഷമതയും നിലനിർത്താൻ ഫോസ്ഫോപ്രോട്ടീൻ എന്ന മറ്റൊരു പ്രോട്ടീനിൽ നിന്നുള്ള പിന്തുണയും ഇതിന് ആവശ്യമാണ്. വൈറസിന് അതിന്റെ ആർ എൻ എ പുനർനിർമാണത്തിന് ആർഎൻഎ-ഡിപെൻഡന്റ് ആർഎൻഎ പോളിമറേസ് എൻസൈമും നിർണായകമാണ്. ഈ വൈറൽ പ്രോട്ടീനുകളെ ലക്ഷ്യമിട്ടാണ് പുതിയ കണ്ടെത്തൽ.


ആൻഡ്രോഗ്രാഫോളൈഡും സ്റ്റിഗ്മാസ്റ്ററോളും സ്വാഭാവികമായി ഉണ്ടാകുന്നതും നിശ്ചിത അളവിലുള്ള ഉപയോഗത്തിന് അത് സുരക്ഷിതമാണെന്നും ഗവേഷകർ പറഞ്ഞു. പ്രാഥമികമായി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്ന ഏജന്റുകളായും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളായും പനിയ്ക്കും സാധാരണ അണുബാധകൾക്കുമുള്ള ചികിത്സകൾക്കുമാണ് ഈ തന്മാത്രകൾ ഉപയോഗിച്ച് വരുന്നത്. നിപ നിയന്ത്രണത്തിന് സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ ചെലവുകുറഞ്ഞ ചികിത്സയ്ക്ക് ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷ നൽകുന്നതാണ് പുതിയ കണ്ടുപിടുത്തം.


നിപ പോലുള്ള അപകടസാധ്യതയുള്ള രോഗകാരികളെ പഠനവിധേയമാക്കുന്നതിനുള്ള ഉയർന്ന സുരക്ഷാ ബയോ സേഫ്റ്റി ലെവൽ-4 സൗകര്യങ്ങൾ ആവശ്യമില്ലാത്ത, നൂതന ലബോറട്ടറി പരിശോധനകൾക്കുള്ള റാപിഡ് ടെസ്റ്റിങ് ഇന്നൊവേറ്റിവ് ലാബ് എന്നിവ ഐഐടി ഗവേഷക സംഘം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തിരിച്ചറിഞ്ഞ മരുന്നുകളുടെ ആൻ്റി വൈറൽ സാധ്യതകളുടെ മൂല്യനിർണയം ഇതിലൂടെ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് ​ഗവേഷകർ.







deshabhimani section

Related News

View More
0 comments
Sort by

Home