ഇഗ്‌നോ സ്‌റ്റഡി സെന്റർ പൂട്ടി ജീവനക്കാർ കല്ല്യാണത്തിനു പോയി: വലഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും

കൊല്ലം: കൊല്ലം എസ്എൻ കോളേജിനു സമീപത്ത് പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) സ്റ്റഡിസെന്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന്നു പോയതോടെ പ്രോജക്ട് സമർപ്പിക്കാനെത്തിയ വിദ്യാർഥികൾ വലഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജില്ലയ്ക്ക് പുറത്തുനിന്ന് നിരവധി വിദ്യാർഥികളാണ് രാവിലെ ഒമ്പതുമുതൽ സെന്ററിൽ എത്തിയത്. വിവിധ പ്രോഗ്രാമുകളിലേക്ക് ജൂണിൽ നടക്കുന്ന ടേം എൻഡ് പരീക്ഷയ്ക്ക് മുന്നോടിയായി സമർപ്പിക്കാനുള്ള പ്രോജക്ടുമായാണ് വിദ്യാർഥികളും രക്ഷിതാക്കളും എത്തിയത്.
പ്രോജക്ട് സമർപ്പിക്കാൻ 30വരെയാണ് സമയം. പകൽ പതിനൊന്നായിട്ടും സെന്റർ തുറക്കാഞ്ഞതോടെ വിദ്യാർഥികൾ ജീവനക്കാരുമായി ബന്ധപ്പെട്ടു. എല്ലാവരും കല്യാണത്തിനു പോയിരിക്കുകയാണെന്നും രണ്ടിനുശേഷം സെന്റർ തുറക്കുമെന്നും തിരക്കുണ്ടെങ്കിൽ സമീപത്തെ കടയിൽ ഏൽപ്പിക്കാനുമാണ് വിദ്യാർഥികൾക്ക് ലഭിച്ച മറുപടി. ഇതിനുള്ളിൽ ദൂരെസ്ഥലങ്ങളിൽ നിന്ന് എത്തിയവരൊഴികെ ഉള്ളവർ മടങ്ങിപ്പോയിരുന്നു. ഒടുവിൽ 12.30ന് ജീവനക്കാർ എത്തി സെന്റർ തുറന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു.









0 comments