തൃശൂരിൽ നിന്നുള്ള എൻഡിആർഎഫ് സന്നിധാനത്ത്; ചെന്നൈയിൽ നിന്നുള്ള സംഘം ഉടൻ എത്തും

പതിനെട്ടാം പടിക്ക് താഴെ ദർശനത്തിനായി കാത്ത് നിൽക്കുന്ന തീർഥാടകർക്ക് പൊലീസ് ഔഷധവെള്ളം നൽകുന്നു
ശബരിമല: എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത്. തൃശൂരിൽ നിന്നുള്ള ആദ്യ സംഘമാണ് ശബരിമലയിൽ എത്തിയത്. ഇന്ന് പുലർച്ചയോടെയാണ് എൻഡിആർഎഫിന്റെ 35 അംഗ സംഘം സന്നിധാനത്ത് എത്തിയത്. ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ സംഘം രാത്രിയോടെ പമ്പയിലെത്തും. എല്ലാവർഷവും ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അവശ്യ സേവനങ്ങൾക്കുമായി കേന്ദ്ര സേനയെ അയക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ മണ്ഡലകാലത്തിന്റെ തുടക്കത്തിൽ അതുണ്ടായില്ല. വിർച്വൽ ക്യൂവിന് പുറമെ നിരവധി തീർഥാടകർ എത്തിയതും തിരക്ക് വർധിപ്പിച്ചിരുന്നു. ഇന്നലെ വെകിട്ടോടെ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇന്ന് രാവിലെ ഏഴ് മുതൽ 3500ഓളം തീർഥാടകരാണ് ദർശനം നടത്തിയത്.
പമ്പയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്താൻ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കാനാണ് തീരുമാനം. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500 – 600 പേർക്ക് അവിടെ വിശ്രമിക്കാൻ സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന തീർഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസിലാക്കാനും അനൗണ്‍സ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ–ഓര്‍ഡിനേറ്ററെ നിയോഗിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്‌പോട്ട് ബുക്കിങ്ങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്‌ക്കാൻ നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിങ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിങ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം, ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ളവിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കാൻ 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.








0 comments